Your Image Description Your Image Description

കാലം ചരിത്രത്തെ രേഖപ്പെടുത്തിവെച്ചിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ. പ്രത്യേകിച്ചും ഡൽഹി പോലുള്ള പുരാതനമായ നഗരത്തിൽ മാറിമാറി വന്ന ഭരണാധികാരികളും രാജവംശങ്ങളും ചേർന്നു നിർമ്മിച്ചിട്ടുള്ള ഐതിഹാസിക ചരിത്രത്തിന്റെ ഏടുകൾ അങ്ങോളമിങ്ങോളം കാണാം. അത്തരത്തിൽ ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിൽ ഇടം പിടിക്കുന്ന ഒരു  സ്ഥലമാണ് ഹുമയൂണിന്റെ ശവകുടീരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരമായ ഹുമയൂണിന്റെ ശവകുടീരത്തിന്റെ വാസ്തുവിദ്യാ വിസ്മയമാണ് താജ്മഹലിൻ്റെ നിർമ്മാണത്തിന് പ്രചോദനമായത്. ചരിത്രവും കഥകളും ഏറെയുള്ള ഇവിടം ഡൽഹിയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്.

മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മഹോന്നതമായ നിർമ്മിതികളിലൊന്നാണ് ഈ ശവകുടീരം. ഓരോ വര്ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ ശവകുടീരം കാണുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരുന്നത്. ശവകുടീരം നിര്‍മ്മിക്കപ്പെട്ട പതിനാറാം നൂറ്റാണ്ടിന്‍റെ കാലത്തേയ്ക്ക് സമയയാത്ര ചെയ്തെത്തിയ അനുഭവമായിരിക്കും ഇവിടം സഞ്ചാരികൾക്ക് നല്കുന്നത്.

വാസ്തുവിദ്യയും നിർമ്മാണ ശൈലിയും നോക്കിയാൽ താജ്മഹലിനും ഹുമയൂണിന്റെ ശവകുടീരത്തിനും പല സാദൃശ്യങ്ങളും ഉണ്ട്. ഹുമയൂണിന്‍റെ പത്നിയായ ഹമീദ ബാനു ബീഗം ആണ് ഭർത്താവിനോടുള്ള ആദരസൂചകമായി ഇത് നിർമ്മിച്ചത്. ഹമീദ ബാനു ബീഗത്തിന്റെ നിർദ്ദേശത്തിൽ പേർഷ്യൻ വാസ്തുശില്പികളായ മിരക് മിർസാ ഗിയാസ് അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ചത്. തന്‍റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും സ്ഥാപിക്കണമെന്ന ഹമീദ ബാനു ബീഗത്തിന്റെ ആഗ്രഹം അവരുടെ മകൻ അക്ബർ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമാണ് ഇന്നിവിടെ ചരിത്രത്തിന്റെ സമ്പന്നതയുമായി നിറഞ്ഞു നിൽക്കുന്ന ഈ ശവകുടീരം. കാണുന്നത്. ഡൽഹിയിലെ നിസാമുദ്ദീൻ ഈസ്റ്റില്‍  ഹുമയൂൺ ചക്രവർത്തി കണ്ടെത്തിയ ‘പഴയ കോട്ട’ എന്നറിയപ്പെടുന്ന ‘ദിനാ-പന കോട്ട’യ്ക്ക് സമീപമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പൂന്തോട്ട ശവകുടീരം സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *