Your Image Description Your Image Description
കോട്ടയം: പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ വിവരാവകാശ നിയമം വകുപ്പ് നാലു പ്രകാരം ഓഫീസുകളിൽ വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് വിവരാവകാശ കമ്മിഷൻ പരിശോധന നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല, വിവരം ലഭ്യമല്ല എന്നീ നിലകളിൽ അപേക്ഷകർക്ക് മറുപടി നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ പറഞ്ഞു. പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ഓഫീസുകളിൽ വിവരം സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കുണ്ട്. സമയബന്ധിതമായി പൗരന്മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള ബാധ്യത പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുകളിൽ രേഖകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷനെ അധികാരപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ജില്ലാ കളക്‌ട്രേറ്റുകൾ, ഡയറക്ടറേറ്റുകൾ, ജില്ലാതല ഓഫീസുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. അദാലത്തിൽ പരിഗണിച്ച 16 കേസുകളും കമ്മീഷൻ പരിഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *