Your Image Description Your Image Description
മലപ്പുറം: വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവൻ വികസന ബ്ലോക്കുകളിലും രാത്രിയിലും പ്രവർത്തിക്കുന്ന വെറ്ററിനറി ആംബുലൻസുകൾ അനുവദിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
152 ബ്ലോക്കുകളിൽ 29 ഇടങ്ങളിലേക്ക് ഇതിനകം വെറ്ററിനറി ആംബുലൻസുകൾ നൽകി കഴിഞ്ഞു. മലപ്പുറം ജില്ലയിലേക്ക് രണ്ടെണ്ണം അനുവദിച്ചു. പുതിയ ബജറ്റിൽ ഇതിനായി 17 കോടി വകയിരുത്തിയിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതോടെ എല്ലാ ബ്ലോക്കുകളിലും ആംബുലൻസ് എത്തും. കർഷകർക്ക് 1962 നമ്പറിൽ കാൾ സെൻ്ററിൽ വിളിച്ചാൽ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലാ ക്ഷീര കർഷക സംഗമം – ജീവനീയം എടക്കര മുണ്ടയിലെ സെലിബ്രേഷൻസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മലപ്പുറം ജില്ലയിലെ മൂർക്കനാട് 131 കോടി ചെലവിൽ മിൽമയുടെ പാൽപൊടി നിർമ്മാണ ഫാക്ടറി യാഥാർഥ്യമാകാൻ പോകുകയാണ്. അധികമുള്ള പാൽ ഇവിടെ തന്നെ പാൽപൊടി ആക്കാൻ കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫാക്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷീര മേഖല 90% പാലിൽ സ്വയം പര്യാപ്തതയിലേക്ക് എത്തിയിരിക്കുന്നു. പുറത്ത് നിന്ന് 10% പാൽ മാത്രമാണ് ഇപ്പോൾ മിൽമക്ക് വേണ്ടി കൊണ്ട് വരുന്നത്. കൂടുതൽ പശുക്കളെ കൊണ്ട് വന്ന് പാലുൽപാദനത്തിന് സർക്കാർ ശ്രമിക്കുന്നു. നിലവിലുള്ള പശുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു. ക്ഷീരകർഷകർക്ക് പലിശരഹിത വായ്പാ സംവിധാനം കൊണ്ട് വരികയാണ്.
ക്ഷീരമേഖലയെ ഉണർത്താൻ വിവിധ പദ്ധതികൾ നടപ്പാക്കും. എല്ലാ ജില്ലകളിലും കിടാരി പാർക്കുകൾ സ്ഥാപിച്ചു വരികയാണ്. പുറത്ത് നിന്ന് പശുക്കളെ കൊണ്ട് വരുന്നത് നമുക്ക് കുറക്കാനാവണം. ആരോഗ്യമുള്ള പശുക്കളെ ഇവിടെ ഉത്പാദിപ്പിക്കുകയാണ് കിടാരി പാർക്കുകളുടെ ലക്ഷ്യം. കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ കർഷകൻ്റെ വിഹിതം കൂടി ഉൾപ്പെടുത്തി പശുക്കൾക്ക് സമഗ്ര ഇൻഷൂൻസ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ പി.വി അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *