Your Image Description Your Image Description

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകി 2024- 25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അവതരിപ്പിച്ചു. ഉൽപാദന- സേവന- പശ്ചാത്തല മേഖലയിലെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമിട്ടാണ് ബജറ്റിലെ ഓരോ സംഖ്യയും നീക്കിവെച്ചിട്ടുള്ളത്.

പഞ്ചായത്തിലെ പാവപ്പെട്ടവരെയും അതിദരിദ്രരുമായവരെയും കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യമിട്ട് ഭവന നിർമ്മാണത്തിനും പരിഷ്കരണത്തിനും ലൈഫ് ഭവന പദ്ധതിക്കുമായി നാല് കോടി 55 ലക്ഷം രൂപയും പുതിയ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനും നവീകരണത്തിനുമായി മൂന്ന് കോടി 31 ലക്ഷം രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കാർഷിക മേഖലക്ക് ഏറെ പ്രാധാന്യമുള്ള പഞ്ചായത്ത് എന്ന നിലക്ക് കൃഷിക്ക് 38 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 44 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

സാമൂഹ്യ സുരക്ഷിതത്വ പെൻഷന് ഏഴരക്കോടി രൂപയും തൊഴിലുറപ്പ് തൊഴിലാളികൾക്കും മറ്റു പ്രവർത്തനങ്ങൾക്കുമായി നാല് കോടി 55 ലക്ഷം രൂപയും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിൻ്റെ നൂതന ആശയമായ ശിശു സൗഹൃദ ഗ്രാമം പദ്ധതിക്കായി 52 ലക്ഷം രൂപയും ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരുടെ ഉന്നമനത്തിന് 27 ലക്ഷവും പട്ടികജാതി വികസനത്തിന് 18 ലക്ഷം രൂപയുമാണ് ബജറ്റിൽ കണക്കാക്കിയത്.

പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങൾക്കും കുടിവെള്ളത്തിനുമായി 25 ലക്ഷം രൂപയും ആരോഗ്യ മേഖലയുടെ സർവ്വ വികസനത്തിന് 24 ലക്ഷം രൂപയും ഊർജ്ജ മേഖലക്ക് ഏഴ് ലക്ഷവും വിദ്യാഭ്യാസ- കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്കായി 6.25 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

പഞ്ചായത്തിന്റെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സംരംഭങ്ങൾ തുടങ്ങുന്നതിന് ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. തറോപ്പൊയിൽ ഭാഗത്തെ തുരുത്തുകൾ കേന്ദ്രീകരിച്ചും കല്ലേരിയിലെ മാഹി കനാലും അനുബന്ധ പ്രദേശവും ഉപയോഗപ്പെടുത്തി ടൂറിസം സാധ്യതകൾ പഠിക്കുന്നതിന് ബജറ്റിൽ നിർദ്ദേശമുണ്ട്. കൂടാതെ കായിക കുതിപ്പിന് പൊതു കളിസ്ഥലം നിർമ്മിക്കുന്നതിനും ശുപാർശ ചെയ്യുന്നു. 32 കോടി രൂപ വരവും 29.80 കോടി ചെലവും 2.20 കോടി മിച്ചവുമുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *