Your Image Description Your Image Description
കോഴിക്കോട്: 2024 അവസാനത്തോടെ സംസ്ഥാനത്ത് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുനർനിർമ്മിച്ച ഉരുട്ടി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവർഷംകൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യം മൂന്നു വർഷ കാലയളവിൽ തന്നെ സാധ്യമാവും. സംസ്ഥാനത്ത് പണി പൂർത്തിയായ 85 മത് പാലമാണ് ഉരുട്ടി പാലമെന്ന് മന്ത്രി പറഞ്ഞു. ഏഴര വർഷക്കാലയളവിൽ പശ്ചാത്തല വികസന മേഖലയിൽ സംസ്ഥാനത്ത് വലിയ മാറ്റം സാധ്യമായി. നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നാദാപുരം മണ്ഡലത്തിൽ സർക്കാർ നടപ്പാക്കിവരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒമ്പത് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി. 40 കിലോമീറ്ററോളം റോഡുകൾ 20 കോടി ചെലവിൽ നാദാപുരം മണ്ഡലത്തിൽ മാത്രം ഈ കാലയളവിൽ പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.
നാദാപുരം മണ്ഡലത്തിൽ ഉൾപ്പെട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ നവീകരണവും മണ്ഡലത്തിലെ ടൂറിസ്റ്റ് സാധ്യതകളുള്ള സ്ഥലങ്ങൾ കോർത്തിണക്കിയ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *