Your Image Description Your Image Description

തൃശ്ശൂര്‍: എന്റെയും നിങ്ങളുടേയും വീടായ പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്ത്, പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് പ്രകാശ് രാജ്. രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. നിശ്ശബ്ദരായിരുന്നവര്‍ക്ക് ചരിത്രം മാപ്പുതരില്ലെന്നും നടന്‍ പറഞ്ഞു. സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് സംസാരിക്കാന്‍ വേദി ലഭിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും ഇവിടെ തന്നെ കേള്‍ക്കാനും സംവദിക്കാനും വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തൊരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ലെന്നും ഒന്നിച്ചുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അത് അവരുടെ പ്രശ്നംമാത്രമായി കാണാതെ, ഒരു സ്ഥലത്തെ പ്രശ്നമായിക്കാണാതെ രാജ്യത്തിന്റെ പ്രശ്നമായി കാണണം, മനുഷ്യന്റെ ദുഃഖമായി കാണണം.

ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ കാരണം കേരളത്തിലെ രാഷ്ട്രീയത്തില്‍ ദൈവം ഇല്ലെന്നതുതന്നെയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനാധിപത്യമെന്നത് നമ്മുടെ സ്വപ്നമായിരുന്നു, എന്നാലിന്ന് നമ്മുടെ രാജ്യം പകുതി ഹിന്ദുരാഷ്ട്രമായിരിക്കുന്നു. പണ്ടുണ്ടായിരുന്ന ജാതിവ്യസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *