Your Image Description Your Image Description

കോഴിക്കോട് ജില്ലയിലെ നല്ലളം ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികൾ, ഐ.ടി. ലാബ്, സെമിനാർ ഹാൾ, ടോയ്‌ലറ്റ് സമുച്ചയം എന്നിവയാണ് ഉൾപ്പെടുന്നത്.

മതനിരപേക്ഷതയാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും മതസാഹോദര്യം നിലനിർത്തുന്ന നിലയിൽ ജനാധിപത്യ വിദ്യാഭ്യാസക്രമം സംസ്ഥാനത്ത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 141 സ്കൂളുകൾക്ക് അഞ്ചു കോടി വീതവും 386 സ്കൂളുകൾക്ക് മൂന്ന് കോടി രൂപ വീതവും 446 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതവും കിഫ്‌ബി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്ലാസ് മുറികളെല്ലാം ഹൈടെക്കായി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും ഓരോ വിദ്യാലയത്തെ വീതം തെരഞ്ഞെടുത്ത് ആ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളുടെ അക്കാദമിക മികവ് കൂടി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘മോഡൽ സ്കൂൾ പദ്ധതി’ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ ജയന്തി റോഡിന് ഒരു കോടി 45 ലക്ഷം രൂപയും ശാരദ മന്ദിരം റോഡിന് രണ്ടുകോടി 90 ലക്ഷം രൂപയും സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *