Your Image Description Your Image Description

കല്‍പ്പറ്റ: വയനാട്ടിലെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി അലീന ബെന്നിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ കുടുംബം പരാതി നൽകി. വിറ്റുതീർക്കാനാകാത്ത സമ്മാന കൂപ്പൺ തിരികെ നൽകിയതിൽ പഴി കേട്ടതിലെ മനോവിഷമം ആണ് ആഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചീരാൽ സർക്കാർ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ വാർഷികം. ആഘോഷത്തിന് പണം കണ്ടെത്താൻ സമ്മാന കൂപ്പൺ കൊടുത്തിരുന്നു. വിദ്യാർത്ഥികളെയാണ് അധ്യാപകർ പണം പിരിക്കാൻ ഏൽപ്പിച്ചത്. എന്നാൽ അലീനയ്ക്ക് കൂപ്പൺ വിറ്റുതീർക്കാനായില്ല. വിറ്റുതീരാത്ത കൂപ്പണ്‍ തിരികെ കൊടുത്തെന്ന് അലീനയും കൂപ്പണ്‍ കിട്ടിയില്ലെന്ന് ടീച്ചറും പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. കൂപ്പൺ തിരികെ നൽകിയില്ലെന്ന ആരോപണം അലീനയെ അലട്ടിയിരുന്നു.

ആരോപണം നിലനില്‍ക്കെ ക്ലാസ് ടീച്ചര്‍ ഫോണിൽ വിളിച്ച് സംസാരിച്ച ശേഷം അലീന അസ്വസ്ഥയായിരുന്നു എന്ന് വല്യമ്മ പറയുന്നു. ടീച്ചര്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും തനിക്ക് നെഞ്ച് വേദനിക്കുന്നതായി അലീന പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. ശനിയാഴ്ച വൈകീട്ട്, സ്കൂളിൽ ആഘോഷപന്തൽ ഉയർന്നപ്പോൾ അലീനയുടെ വീട്ടിൽ മരണപ്പന്തലുയർന്നു.

സംഭവത്തിൽ അധ്യാപകരുടെ വിശദീകരണം ഇങ്ങനെയാണ്. “കൂപ്പൺ തിരികെ കിട്ടിയതായികണ്ടെത്താനായിട്ടില്ല. എന്നാൽ അതിന്റെ പേരിൽ വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തിയിരുന്നില്ല എന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. കുടുംബത്തിന്റെ ആരോപണം ഉൾപ്പെടെ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് നൂൽപുഴ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *