Your Image Description Your Image Description

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു . ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ആന ഇടഞ്ഞത്. 7 മണിക്കൂറോളം നാടിനെ മുൾ മുനയിൽ നിർത്തിയ ആനയെ ഇന്നലെ രാവിലെയാണ് തളച്ചത്. ഒന്നാം പാപ്പാനായ കോട്ടയം സ്വദേശി സുമേഷിനെ തട്ടി വീഴ്ത്തി. പിന്നീട് പരുക്കേറ്റ സുമേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുന്നളളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിൽ വണങ്ങുന്ന ചടങ്ങിനു ശേഷമായിരുന്നു ശ്രീക്കുട്ടൻ എന്ന ആനയുടെ പരാക്രമം.

ആനയുടെ മുൻപിൽനിന്ന് മറ്റു പാപ്പാൻമാർ രക്ഷപ്പെടുകയായിരുന്നു. വിരണ്ട ആന നാശനഷ്ടങ്ങൾ ഉണ്ടാക്കി. ക്ഷേത്ര മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളും ക്ഷേത്ര ഭണ്ഡാരവും തകർത്തു. വൈദ്യുതി പോസ്റ്റുകൾ കൂടി തകർത്തതോടെ വൈദ്യുതി മുടങ്ങി. ഈ സമയത്താണ് ക്ഷേത്രത്തിന് അകത്ത് കുടുങ്ങിയ ശാന്തിമാരും മറ്റും രക്ഷപ്പെട്ടത്.

പൊലീസും അഗ്നിരക്ഷാ സേനയും റവന്യൂ അധിക‍ൃതരും അപ്പോഴേക്കും എത്തിയിരുന്നു. പുലർ‌ച്ച 4ന് ആനപ്രേമികളുടെ സംഘത്തിലെ 12 പേർ എത്തിയതോടെയാണ് തളയ്ക്കാനുള്ള ശ്രമം വീണ്ടും ജീവൻവച്ചത്. ഇടഞ്ഞ ആന ക്ഷേത്ര പരിസരത്തെ പാടത്തേക്ക് നീങ്ങിയപ്പോൾ ഈ സംഘം സാഹസികമായി തളക്കുകയായിരുന്നു. 6 വൈദ്യുതി പോസ്റ്റുകൾ, മാവ്, അഞ്ചോളം കവുങ്ങുകൾ എന്നിവയും ആന തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *