Your Image Description Your Image Description

കോഴിക്കോട്:  തിമിംഗല ചര്‍ദ്ദി കള്ളക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. ഇടപാട് ഉറപ്പിച്ച ശേഷം ഏഴ് കോടിയോളം രൂപയുടെ തിമിംഗല ചര്‍ദ്ദിലുമായി യുവാവ് മുങ്ങിയതിന് പിന്നാലെ ഇടനിലക്കാരായ ആറ് പേരെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു.

പാലക്കാട്, കോഴിക്കോട് സ്വദേശികളായ ഏഴ് പേരാണ് കോഴിക്കോട് സിറ്റി പൊലീസിന്‍റെ പിടിയിലായത്.   ഒറ്റപ്പാലം ചുനങ്ങാട് വാരിക്കോത്ത് മുഹമ്മദ് അഷ്ഫാഖിന്‍റെ നേത‍ൃത്വത്തിലുള്ള ഏഴ് പേരാണ് അറസ്റ്റിലായത്.

പ്രതികള്‍ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച രണ്ട് കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍, മൊബൈല്‍ നമ്പറുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അഷ്ഫാക്കിന് കിട്ടിയ തിമിംഗല ചര്‍ദ്ദില്‍ ഇടനിലക്കാരായ മറ്റു പ്രതികള്‍ മാറാട് സ്വദേശിയായ നിഖിലിന് കൈമാറാന്‍ ബേപ്പൂരിലെത്തി. നിഖില്‍ ഇത് തട്ടിയെടുത്തെന്ന് ഇടനിലക്കാര്‍ അഷ്ഫാക്കിനെ അറിയിച്ചു. നിഖിലുമായി ചേര്‍ന്ന് ഇടനിലക്കാര്‍ തിമിംഗല ചര്‍ദ്ദില്‍ കൈക്കലാക്കിയെന്ന് ആരോപിച്ച് അഷ്ഫാക്കും സംഘവും ആറംഗ ഇടനിലക്കാരെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് പേരെ സംഘം വഴിയില്‍ ഇറക്കിവിട്ടു. നാല് പേരെ പൊലീസ് ഇടപെട്ട് രക്ഷപ്പെടുത്തി. സംഭവത്തിൽ പെരിന്തല്‍മണ്ണയിലെ റിസോര്‍ട്ടില്‍ നിന്ന് പ്രതികളേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്ത് കിലോഗ്രാമോളം തൂക്കം വരുന്ന തിമിംഗല ചര്‍ദ്ദില്‍ കള്ളക്കടത്ത് നടത്താനാണ് സംഘം ശ്രമിച്ചത്. വിപണിയില്‍ ഇതിന് ഏഴ് കോടിയോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *