Your Image Description Your Image Description

ആധുനിക നിലവാരത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതുക്കി പണിത കോഴിക്കോട് ജില്ലയിലെ തൂണേരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിച്ച 15 ലക്ഷം രൂപയ്ക്ക് പുറമെ ജനകീയ കമ്മിറ്റി സമാഹരിച്ച 1.30 കോടി രൂപയും ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി ഒരു ജില്ലാ ആശുപത്രിയായ എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇതു അഭിമാനമാണ്. എല്ലാ ജില്ലാ ആശുപത്രികളും ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ സാധാരണക്കാർക്ക് മികച്ച ചികിത്സയും സേവനവും നൽകി. ആശ്വാസത്തിന്റെ ഇടങ്ങളായി ആരോഗ്യ കേന്ദ്രങ്ങൾ മാറിയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിന് പുറമേ ബീച്ച് ആശുപത്രിയിലും കാത്ത്ലാബ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയായ കോഴിക്കോടെ ഐ.എം.സി.എച്ചിന് ദേശീയ പുരസ്കാരം ലഭ്യമായി.

ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. ആരോഗ്യ കേന്ദ്രത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനും ജനകീയ ഫണ്ട് സമാഹരണത്തിനും സഹായിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *