Your Image Description Your Image Description

പത്തനംതിട്ട : കുമ്പഴ വടക്ക് മൗണ്ട് ബഥനി ഹൈസ്കൂളിന് സമീപത്തെ പൈപ്പ് ലൈൻ പൊട്ടി ഒരാഴ്ചയായിട്ടും നന്നാക്കാതെ അധികൃതർ.

ഇതോടെ മൈലപ്ര ഭാഗത്ത് താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. മെയിൻ റോഡിലെ പി.വി.സി. പൈപ്പാണ് പൊട്ടിയത്.

ഇൗ ഭാഗത്തെ ടാറിങ്ങും മണ്ണും ഒരാൾ താഴ്ചയിൽ നീക്കിയെങ്കിലും പൈപ്പ് മാത്രം നന്നാക്കിയില്ല. സ്വകാര്യകമ്പനിയാണ് ഇൗ ജോലി പൂർത്തിയാക്കേണ്ടത്.

ഇതുവരെ നന്നാക്കാൻ ആരംഭിച്ചിട്ടില്ല. ഇതുകാരണം മൈലപ്ര ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ഏഴ്, 10, 11 വാർഡുകളിൽ താമസിക്കുന്ന ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല.

സ്വന്തമായി വീടുണ്ടെങ്കിലും കിണറില്ലാത്ത സാധാരണക്കാരും പാവപ്പെട്ടവരുമായ നിരവധി കുടുംബങ്ങൾ കണ്ണമ്പാറ, പതാലിൽപ്പാറ, ഓലിക്കൽപ്പടി, കാക്കാംതുണ്ട്, മീന്മൂട്ടിക്കൽ, ഇടക്കര, പഞ്ചായത്ത്പടി, തയ്യിൽപ്പടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്.അവരെല്ലാം ഇപ്പോൾ കുടിവെള്ളത്തിന് സമീപത്തുള്ള മറ്റ്‌ വീടുകളിലെ കിണറിനെയാണ് ആശ്രയിക്കുന്നത്.

കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു. നന്നാക്കിയശേഷം ആഴ്ചകൾക്ക് ശേഷമാണ് ഈ ഭാഗം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.

പൈപ്പ് തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.പി. പൊൻകുന്നം ഡിവിഷൻ ഓഫീസ്, ജലഅതോറിറ്റി പത്തനംതിട്ട ഡിവിഷൻ ഓഫീസ്, മെയിൻ റോഡിലെ പൈപ്പിന്റെ പണികൾ കരാർ ഏറ്റെടുത്ത കമ്പനി അധികൃതർ എന്നിവർക്ക് പരാതി നൽകി ഒരാഴ്ചയായിട്ടും നടപടിയെന്നും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *