Your Image Description Your Image Description

കോട്ടയം: വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ തലയാഴം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് മത്സ്യഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് ബുധനാഴ്ച വൈകീട്ട് മൂന്നിന് ഫാമിന് സമീപം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *