Your Image Description Your Image Description

നടൻ ഉണ്ണി മുകുന്ദനെതിരെ മാനേജർ നൽകിയ കേസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉണ്ണി മുകുന്ദൻ ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് മാനേജറെ കാണുന്നതും ഇരുവരും സംസാരിച്ച് നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ നടൻ മാനേജറെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ ഇല്ല.

ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജരായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറഞ്ഞിരുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിം​ഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജ‍ർ വിപിൻ പ്രതികരിച്ചത്. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വെെകാതെ മറ്റ് പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും വിപിന്‍ പറഞ്ഞിരുന്നു.

പിന്നാലെ വിപിൻ കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

വിപിൻ കുമാർ അവകാശപ്പെടുന്നതുപോലെ ശാരീരിക ആക്രമണവും ഉണ്ടായിട്ടില്ല. വിപിൻ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി നിരീക്ഷണത്തിന് വിധേയമാണ്. വ്യാജ ആരോപണങ്ങൾക്ക് മുമ്പ് അത് പരിശോധിക്കാവുന്നതാണെന്ന് ഉണ്ണി പറഞ്ഞിരുന്നു.

പിന്നാലെ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും ഉണ്ണി മുകുന്ദൻ പരാതിയും നൽകിയിരുന്നു. നടൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചതും. ‘നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗികമായി പരാതി നല്‍കി. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും,’ എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *