Your Image Description Your Image Description

കാലപ്പഴക്കം ചെന്ന കറന്‍സി നോട്ടുകൾ ഇനി വീടുകളിലും ഓഫീസുകളിലും ഫർണിച്ചറുകളായി മാറുന്നു. പഴക്കം ചെന്ന നോട്ടുകളെ വുഡന്‍ ബോര്‍ഡുകളാക്കി മാറ്റാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ ബോര്‍ഡുകളെ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന ഫര്‍ണീച്ചറുകളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കറന്‍സി നോട്ടുകള്‍ പ്രകൃതിക്ക് ദോഷം വരാത്ത വിധത്തില്‍ റീസൈക്കിള്‍ ചെയ്യാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതെക്കുറിച്ച് വ്യക്തമാക്കിയത്.

കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ വുഡന്‍ സയന്‍സ് ആന്‍ഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് പദ്ധതി വികസിപ്പിച്ചത്. ഈ ടെക്‌നോളജി ഉപയോഗിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ ഫര്‍ണീച്ചറുകള്‍ നിര്‍മിക്കാന്‍ അനുയോജ്യരായ മാനുഫാക്ചര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക്.

പ്രതിവര്‍ഷം 15,000 ടണ്‍ കറന്‍സി
റിസര്‍വ് ബാങ്കിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 15,000 ടണ്‍ കറന്‍സി നോട്ടുകളാണ് കാലപ്പഴക്കത്താല്‍ ഉപയോഗ ശൂന്യമാകുന്നത്. സാധാരണ ഇവ കത്തിച്ചുകളയുകയോ കുഴിച്ചുമൂടുകയോ ആണ് ചെയ്യാറുള്ളത്. കറന്‍സി നോട്ടുകളില്‍ മഷി, ഫൈബറുകള്‍, സെക്യുരിറ്റി ത്രെഡ്, കെമിക്കലുകള്‍ തുടങ്ങി പല തരത്തിലുള്ള ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ തേടി, വുഡന്‍ സയന്‍സ് ആന്‍ഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആര്‍ബിഐ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. എന്തായാലും പുതിയ കണ്ടുപിടുത്തത്തോടെ പഴയ കറന്‍സി നോട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നത് കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകും.

Leave a Reply

Your email address will not be published. Required fields are marked *