Your Image Description Your Image Description

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി ഇലോൺ മസ്ക്. നികുതി നിയമത്തിലുള്ള തന്റെ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഡോജിൽ നിന്നും പടിയിറങ്ങിയ മസ്ക് പരസ്യമായി ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത് ഇതാദ്യമായാണ്. വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നെന്നായിരുന്നു എക്സിൽ പങ്കുവെച്ച കുറിപ്പിൽ മസ്ക് പറഞ്ഞത്.

ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കിയാണ് ട്രംപ് പുതിയ നികുതി ബിൽ അവതരിപ്പിച്ചത്. ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് ഇലോൺ മസ്കിന്റെ വിമർശനം.

‘‘ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാൻ കഴിയില്ല. ഈ വമ്പിച്ച, അതിരുകടന്ന, പന്നിയിറച്ചി നിറച്ച ബിൽ ഒരു വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിനു വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു. നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്കത് അറിയാം’’ – ഇലോൺ മസ്ക് എക്സിൽ കുറിച്ചു.

മസ്‌കിന്റെ വിമർശനത്തിനു പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ‘‘ഈ ബില്ലിൽ ഇലോൺ മസ്‌ക് എവിടെയാണ് നിൽക്കുന്നതെന്ന് പ്രസിഡന്റിന് ഇതിനകം അറിയാം. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുന്നില്ല. ഇത് വലുതും മനോഹരവുമായ ഒരു ബില്ലാണ്. പ്രസിഡന്റ് അതിൽ ഉറച്ചുനിൽക്കുന്നു’’ – വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *