Your Image Description Your Image Description

കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയിലൂടെ ആയിരം ഏക്കറിലധികം പച്ചക്കറി കൃഷിയും നെൽകൃഷിയും വ്യാപിപ്പിക്കാൻ കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മുപ്പത്തടം സഹകരണ ബാങ്ക് സെനറ്റ് ഹാളിൽ നടന്നഅവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃഷിക്ക് ഒപ്പം കളമശ്ശേരി കേരളത്തിനാകെ മാതൃകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനം കൊണ്ടാണ് നമുക്ക് കൃഷിക്ക് ഒപ്പം കളമശ്ശേരിയെ ഈ നിലയിലേക്ക് എത്തിക്കാൻ സാധിച്ചത്.

മണ്ഡലത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ തദ്ദേശീയർക്ക് ലഭ്യമാകുന്ന തരത്തിൽ വിപണനം ചെയ്യാൻ സഞ്ചരിക്കുന്ന റീറ്റെയ്ൽ ഔട്ട്ലെറ്റ് തുടങ്ങും. കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കരുമാല്ലൂരിൽ മുപ്പത് ഏക്കർ സ്ഥലത്ത് ഫുഡ് പ്രോസസ്സിംഗ് പാർക്ക് ഉടനെ തന്നെ ആരംഭിക്കുമെന്നും മന്ത്രിപറഞ്ഞു .

മൂന്നാം കാർഷികോത്സവത്തിന്റെ ഭാഗമായി മണ്ഡലതല, പഞ്ചായത്ത് തല, സംഘംതല, വാർഡ്തല, മോണിറ്ററിങ് കമ്മിറ്റികൾ സജീവമാക്കണമെന്നും ഓഗസ്റ്റ് അവസാനത്തോട് കൂടി കാർഷികോത്സവം നടത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണത്തെ കാർഷികോത്സവത്തിൽ സെമിനാറുകൾ കൂടുതൽ ഫലപ്രദമായി നടത്താൻ സാധിച്ചതിന്റെ അടിസ്ഥാനത്തിൽ പതിനെട്ടോളം മണ്ഡലതല ഉപസമിതികൾക്ക് രൂപം നൽകിയിട്ടുണ്ട് . തെരഞ്ഞെടുത്ത മണ്ഡലതല സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. വാട്ടർ മാപ്പിങ്ങുമായി ബന്ധപ്പെട്ട് പത്തുകോടിയോളം രൂപ ചെലവഴിച്ച് തോടുകൾ വൃത്തിയാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു .

യോഗത്തിൽ മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ശശി അധ്യക്ഷത വഹിച്ചു. കൃഷിക്ക് ഒപ്പം കളമശ്ശേരി കോ ഓർഡിനേറ്റർ വിജയൻ പള്ളിയാക്കൽ , പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ഇന്ദു പി നായർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മനാഫ്, സബിത നാസർ, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ, ബാങ്ക് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *