Your Image Description Your Image Description

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ് എടുത്തു. നവ കേരള സദസിന്റെ ബോർഡുകൾ നശിപ്പിച്ചതിനാണ് കേസെടുത്തത്. വി കെ പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി

നവകേരളാ സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചത് കലാപാഹ്വാനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് കോടതി ജാമ്യം നൽകി. ഡിജിപി ഓഫീസ് മാർച്ചിനിടെയാണ് പ്രവർത്തകർ ബോർഡുകൾ നശിപ്പിച്ചത്. ഇതിലൂടെ നവകേരള സദസ്സ് സംഘാടക സമിതിക്ക് നഷ്ടം സംഭവിച്ചെന്നാണ് പൊലീസ് പറയുന്നത്. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിനിടയില്‍ സംഘപരിവാര്‍വല്‍ക്കരണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മറുപടി പറയണമെന്നും മാർച്ചിന് നേതൃത്വം നൽകിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കറുത്ത ബലൂണുകള്‍ ഉയര്‍ത്തിയും പ്രവർത്തകർ പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പൊലീസ് ബാരിക്കേഡ് കെഎസ്‌യു പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കി പ്രയോഗത്തില്‍ കെഎസ്‌യു വനിതാ പ്രവര്‍ത്തകര്‍ അടക്കം നിലത്തുവീണു. പിന്നാലെ പൊലീസ് ലാത്തി വീശി. തലക്കടിക്കരുതെന്ന് പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പൊലീസ് പ്രവര്‍ത്തകരെ തള്ളി മാറ്റുന്ന സ്ഥിതിയുമുണ്ടായി. ലാത്തി ചാര്‍ജ്ജിലും നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *