Your Image Description Your Image Description

പാലക്കാട് :  ജില്ലാ പഞ്ചായത്ത്, കേരള നോളജ് ഇക്കോണമി മിഷൻ, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ എന്നിവ സംയുക്തമായി ജില്ലയിലെ പ്ലസ് ടു, കോളെജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സ്‌കിൽ ഫെസ്റ്റിവൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന വളർത്തിയടുക്കുന്നതിന് യുവജനങ്ങൾക്ക് പുതിയ തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്നതിനാവശ്യമായ വിവിധ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അവർ പറഞ്ഞു.

ജില്ലയിലെ ക്രിയേറ്റീവ് മേഖലയില്‍ നൈപുണ്യമുള്ള യുവതീയുവാക്കളെ കണ്ടെത്തി അവര്‍ക്ക് സൗജന്യ പരിശീലനവും ഈ മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ സ്‌കോളര്‍ഷിപ്പുകളും നല്‍കുക എന്നതാണ് ക്രിയേറ്റീവ് സ്‌കില്‍ ഫെസ്റ്റിവല്‍ വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തീകരിച്ച യുവജനങ്ങള്‍ക്കും അഭിരുചി നിര്‍ണയ പരീക്ഷ നടത്തുന്നുണ്ട്. അതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  ഏപ്രില്‍, മെയ് മാസങ്ങളിലായി സൗജന്യ പരിശീലനം നല്‍കും. കോഴ്‌സുകളില്‍ തുടര്‍ന്നു പോകാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും അനുവദിക്കും. 40 വനിതകള്‍ക്കും 10 ട്രാന്‍സ് വ്യക്തികള്‍ക്കും സോഷ്യല്‍ മീഡിയ ഡിസൈനില്‍ സൗജന്യ പരിശീലനം നല്‍കും. ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള എല്ലാ ക്ലബ്ബുകളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടക്കുന്നുണ്ട്. ഡിസൈനില്‍ താത്പര്യമുള്ള 100 അധ്യാപകര്‍ക്കും സൗജന്യ പരിശീലനം നല്‍കും.

എലപ്പുള്ളി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എം. പദ്മിനി അധ്യക്ഷയായി. കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. ഫൈസല്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ ഇന്ത്യാ ഹെഡ് എ. ഫിലിപ്പ് തോമസ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എ. വിശാലാക്ഷി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. രാജകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. വത്സല, ഹെഡ്മിസ്ട്രസ് സി. ഗിരിജ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *