Your Image Description Your Image Description

മാവേലിക്കര : തഴക്കര റെയിൽവേപ്പാലത്തിനു തെക്കുകിഴക്കായി പുലിയെക്കണ്ടതായി നാട്ടുകാരിൽ പലരും പറഞ്ഞതോടെ ഗ്രാമവാസികൾ ഭീതിയിൽ. വനംവകുപ്പധികൃതരെ വിവരമറിയിച്ചിട്ടും കാൽപ്പാടിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുക്കാൻ പറഞ്ഞതല്ലാതെ തുടർനടപടികളുണ്ടായില്ല.

കഴിഞ്ഞ 11-നു രാവിലെ 7.45-നാണ് തഴക്കര ശ്രീരാഗംവീട്ടിൽ അഞ്ജു വീടിനുപിന്നിലെ കാടുവളർന്ന സ്ഥലത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെക്കണ്ടത്. വിവരം പുറത്തറിഞ്ഞതോടെ ഒരാഴ്ചമുമ്പ് ഇതിനുസമീപത്ത് ഇത്തരമൊരു ജീവിയെക്കണ്ടതായി അടുത്തുള്ള ക്ഷേത്രത്തിലെ ജീവനക്കാരിയും പറഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ഷൂട്ടറായ മാവേലിക്കര സ്വദേശി ദിലീപ് കോശി ഗോമഠത്ത് സ്ഥലം സന്ദർശിച്ച് പ്രദേശത്തുനിന്ന്‌ ജീവിയുടെ കാൽപ്പാടുകൾ ശേഖരിച്ച് സ്ഥിരീകരണത്തിനായി വനംവകുപ്പ് റാന്നി ഡിവിഷനിലേക്ക് അയച്ചിരുന്നു. ഇതു പരിശോധിച്ചശേഷം തഴക്കരയിൽ പുലിയെന്ന പേരിൽ കണ്ടത് പുലിപ്പൂച്ച (ലെപ്പേഡ് ക്യാറ്റ്) ആകാമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു. മനുഷ്യനെ ആക്രമിക്കുന്ന സ്വഭാവം ഇവയ്ക്കില്ലെന്ന് വിശദീകരണം വന്നതോടെ നാട്ടുകാർ ആശ്വാസത്തിലായി.

എന്നാൽ, പിന്നീട് തഴക്കരയിൽ പലരും പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടു. പുലിയോട് വളരെ സാദൃശ്യമുള്ള ജീവി കുതിച്ചുചാടുന്ന വീഡിയോദൃശ്യം തഴക്കരസ്വദേശി പകർത്തിയതെന്നപേരിൽ സാമൂഹികമാധ്യമഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തഴക്കരയിൽ ഉള്ളത് പുലിയാണെന്ന പ്രചാരണം പൂർണമായി തള്ളിക്കളയാനാകില്ലെന്ന് വനംവകുപ്പധികൃതർ അനൗദ്യോഗികമായി സമ്മതിക്കുന്നുണ്ട്. കിഴക്കൻ വനമേഖലയിൽനിന്നുവരുന്ന വാഹനങ്ങളിൽ ഇത്തരം ജീവികൾ നാട്ടിലെത്തിയ സംഭവങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *