Your Image Description Your Image Description

ചെന്നൈ : ചെന്നൈ എന്നൂരും പരിസരപ്രദേശങ്ങളിൽനിന്നുമായി ഇതുവരെ നീക്കിയത് 393.5 ടൺ എണ്ണമാലിന്യം. 105.82 കിലോലിറ്റർ എണ്ണമയമുള്ള വെള്ളവും നീക്കം ചെയ്തു. ഇതോടെ, മേഖലയിൽ രണ്ടാഴ്ചയായി വ്യാപിച്ചിരുന്ന എണ്ണമാലിന്യം പൂർണമായും നീക്കം ചെയ്യാനായതായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി സുപ്രിയാ സാഹു അവകാശപ്പെട്ടു.

ചീഫ് സെക്രട്ടറി ശിവദാസ് മീണയുടെ മേൽനോട്ടത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് എണ്ണമാലിന്യം നീക്കുന്ന ജോലികൾ നടത്തിയത്. നാലു കമ്പനികൾക്കൊപ്പം 900 തൊഴിലാളികൾ കഠിനാധ്വാനം ചെയ്തു. ഭൂരിഭാഗവും മീൻപിടിത്തത്തൊഴിലാളികളായിരുന്നു.128 ബോട്ടുകൾ, ഏഴ്‌ മണ്ണുമാന്തി യന്ത്രങ്ങൾ, നാല്‌ പിക്കപ്പ് ലോറികൾ തുടങ്ങിയവ ദൗത്യത്തിനായി ഉപയോഗപ്പെടുത്തി. ഏകദേശം പത്തു കിലോമീറ്ററോളം വിസ്തൃതിയിലാണ് എണ്ണമാലിന്യം നീക്കംചെയ്യുന്ന ജോലികൾ നടത്തിയത്. പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിനിടെയാണ് എന്നൂർ, മണലി, തിരുവൊട്ടിയൂർ മേഖലകളിലെ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് എണ്ണമാലിന്യം പടർന്നത്.

മണലിയിലുള്ള ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ (സി.പി.സി.എൽ.) നിന്നുമാണ് എണ്ണമാലിന്യം പുറത്തേക്കു വമിച്ചത്. ഇത് എന്നൂർ അഴിമുഖത്തേക്ക് ഒഴുകിയെത്തിയതോടെ പ്രദേശത്തെ മീൻപിടിത്തത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാനാവാതെ ഉപജീവനം വഴിമുട്ടി.

സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ച് സ്വമേധയാ കേസെടുത്ത് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ നിന്നും തമിഴ്‌നാട് സർക്കാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. എണ്ണമാലിന്യം പൂർണമായും നീക്കംചെയ്യുന്നതിനുള്ള സമയപരിധിയും നിശ്ചയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *