Your Image Description Your Image Description

മലപ്പുറം: വീട് വാടകയ്‌ക്കെടുത്ത് ലഹരിക്കച്ചവടം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. കൊളത്തൂര്‍, ചൊവ്വാണ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കാട്ടിരി ചൊവ്വാണ എൽപി സ്‌കൂളിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വെസ്റ്റ് ബം​​ഗാൾ ബര്‍ദ്ദമാന്‍ സ്വദേശികളായ രാഹുൽ ദാസ് (28), ഹരൻ എസ് .കെ(50) എന്നിവരെ പിടികൂടിയത്. വാടക വീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകൾ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ, പ്രതികളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ് ഒമ്പത് കിലോഗ്രാം കഞ്ചാവുമായി പടപ്പറമ്പിൽ വച്ച് ബീഹാര്‍ സ്വദേശിയുള്‍പ്പടെ രണ്ടു പേർ പിടിയിലായിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി വില്‍പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം പരിശോധനകൾ വ്യാപകമാക്കിയതിന് പിന്നാലെയാണ് കൊളത്തൂരിൽ നിന്ന് കഞ്ചാവ് പിടിച്ചത്.

കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി പടപ്പറമ്പ്, രാമപുരം, കുറവ ഭാഗങ്ങളില്‍ വില്‍പന നടത്താനുള്ള പദ്ധതിയായിരുന്നു. മങ്കട ഇൻസ്പെക്ട‍ര്‍ അശ്വിത്തിൻെറ സാന്നിധ്യത്തിലായിരുന്നു പരിശോധന പൂര്‍ത്തിയാക്കിയത്. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *