Your Image Description Your Image Description

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയോട് തോൽവിയേറ്റു വാങ്ങുകയും സെമി കാണാതെ പുറത്താവുകയും ചെയ്ത പാകിസ്ഥാൻ ടീമിനെതിരെ വിമർശനം തുടർന്ന് മുൻ പാക് നായകൻ വസീം അക്രം. താരങ്ങളുടെ മത്സരരീതി മാത്രമല്ല, ഭക്ഷണ രീതിയും മറ്റ് ഇടപെടലുകളും പ്രാകൃതമാണെന്ന് വസീം അക്രം പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരങ്ങളുടെ ഭക്ഷണരീതിയെ ഉദാഹരണമായി പറഞ്ഞാണ് അക്രം ഈ വിമർശനം ഉന്നയിച്ചത്.

‘ഇന്ത്യക്കെതിരായ മത്സരത്തിന്‍റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഞാന്‍ കണ്ടത് പാക് കളിക്കാര്‍ക്ക് ഒരു പ്ലേറ്റ് നിറയെ നേന്ത്രപ്പഴം കൊണ്ടുവന്നിരിക്കുന്നതാണ്. കുരങ്ങന്‍മാര്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല. ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ഞങ്ങളൊക്കെ ഇത് ചെയ്തതെങ്കില്‍ ഞങ്ങളെ തല്ലുമായിരുന്നു’ എന്നും വസീം അക്രം പറഞ്ഞു. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് പാകിസ്ഥാൻ ബൗളര്‍മാരെല്ലാവരും ചേര്‍ന്ന് വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍.

അതായത് ഒരു വിക്കറ്റിന് 60 റൺസ് വിട്ടുകൊടുത്തു. ഞെട്ടിക്കുന്ന കണക്കുകളാണിത്. അസോസിയേഷൻ രാജ്യങ്ങൾ പോലും ഇതിലേറെ മികച്ച രീതിയിൽ കളിക്കുമെന്നും അക്രം കുറ്റപ്പെടുത്തി. അതേ സമയം ചാംപ്യൻസ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്ഥാൻ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനോടും തുടര്‍ന്ന് ദുബായില്‍ ഇന്ത്യയോടും തോറ്റതോടെയാണ് സെമി സാധ്യതകൾ മങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശുമായി ഒരു മത്സരമാണ് പാകിസ്ഥാന് ഇനി ബാക്കിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *