Your Image Description Your Image Description

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും (എൻഐടിസി) യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡ (യുസിഎഫ്) ബോർഡ് ഓഫ് ട്രസ്റ്റീസും വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിൽ സഹകരണം വളർത്തിയെടുക്കുന്നതിനായി കൈകോർക്കും.

യുസിഎഫും എൻഐടിസിയും തമ്മിലുള്ള സഹകരണം വിദ്യാഭ്യാസവും ഗവേഷണവും അടുത്ത തലങ്ങളിലെത്തിക്കുന്നതിനും ആഗോള വെല്ലുവിളികളെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കുന്നതിനും വഴിയൊരുക്കും. ഗവേഷണവും  വികസനവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈദഗ്‌ധ്യത്തിന്റെയും വിഭവങ്ങളുടെയും കൈമാറ്റം വഴി അടിസ്ഥാന ഗവേഷണത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമാവുകയും  അതുവഴി സുസ്ഥിരമായ പരിഹാരവും അക്കാദമിക പുരോഗതിയും സാധ്യമാവുകയും ചെയ്യും.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട ഗവേഷണ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് സഹകരണം സഹായിക്കുമെന്ന് എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ പറഞ്ഞു. ഗവേഷക വിദ്യാർത്ഥികളെ സംയുക്ത ഗവേഷണങ്ങളിൽ ഭാഗഭാക്കാക്കുന്ന തരത്തിലുള്ള പദ്ധതികൾ ഉപരിപഠന ഗവേഷണ മേഖലകൾക്ക് ഗുണപ്രദമാകുമെന്നും യുസിഎഫിൽ ലഭ്യമായ സൗകര്യങ്ങളും വൈദഗ്ധ്യവും ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആഗോള ജൈവ ഇന്ധന സഖ്യം എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായും , ദേശീയ സൗരോർജ പദ്ധതി, ദേശീയ ഹരിത ഹൈഡ്രജൻ പദ്ധതി എന്നിവയുമായി ചേർന്നും പ്രവർത്തിക്കാൻ  ഈ സഹകരണം സഹായിക്കുമെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു.

എൻഐടിസിയുടെ 1985 ബാച്ചിലെ പൂർവവിദ്യാർഥികൾ ഇൻടെക്സോൾ എന്ന പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത നോൺ പ്രോഫിറ് ഓർഗനൈസേഷന്റെ   ശ്രമങ്ങളെ തുടർന്നാണ് ഈ സഹകരണം യാഥാർഥ്യമായത്. യുസിഎഫും എൻ ഐ ടി സി യും ഒരു ധാരണാപത്രത്തിലൂടെ തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും.

രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് പ്രകൃതിയെ അറിയുകയും പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്നും അതിൽ എഞ്ചിനീയർമാർക്കും ശാസ്ത്രജ്ഞർക്കും നിർണായക പങ്ക് വഹിക്കാനാവുമെന്നും  യുസിഎഫിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടർബോമാഷിനറി ആൻഡ് എനർജി റിസർച്ചിന്റെ (CATER) ഡയറക്ടറും പെഗാസസ് പ്രൊഫസറുമായ പ്രൊഫ. ജയന്ത കാപട്ട് പറഞ്ഞു.

ഊർജ്ജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ് കോളേജുകളുടെ സഹകരണത്തോടെയുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനമായ എൻഐടി കാലിക്കറ്റിന് ഊർജ്ജവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളിൽ കാർബൺ ഡയോക്സിഡിന്റെ  തോത് കൂടുതലായതിനാൽ അതുയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതും അതു വഴി സങ്കീർണ്ണമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതും ശ്രമകരമായ കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രത്യേക പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിന് ശക്തമായ നടപടികൾ ആവിഷ്ക്കരിക്കേണ്ടതാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

കോഴിക്കോട് എൻഐടിയിലെ അധ്യാപകരുമായും വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിക്കുകയും പോസ്റ്റ്-ഡോക്ടറൽ പ്രോഗ്രാമുകളെക്കുറിച്ചും ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന മറ്റ് അക്കാദമിക് സംരംഭങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയും  ചെയ്തു.

സെന്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസ് ചെയർപേഴ്സൺ പ്രൊഫ. എം കെ രവി വർമ്മ, എൻ ഐ ടി സി ’85 ബാച്ചിന്റെ (ഇന്റക്സോൾ) പ്രതിനിധിയും എൻഐടിസിയിലെ  പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ശ്രീ സുനിൽ കുമാർ,  85 ബാച്ചിന്റെ പ്രതിനിധി (ഇന്റക്സോൾ) ശ്രീ. ജയരാമൻ,  ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ഡോ.സതീദേവി പി എസ്,  പരിപാടിയുടെ കോഓർഡിനേറ്റർമാരായ ഡോ.എം.യോഗേഷ് കുമാർ, ഡോ.രഘു സി.വി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *