Your Image Description Your Image Description

മുളവുകാട് പഞ്ചായത്തംഗവും അവരുടെ ഭർത്താവും മറ്റൊരു സുഹൃത്തും ചേർന്ന് മകളുടെ പുറകെ നടന്ന 15 വയസ്സുകാരനെ മർദിച്ചതായി പരാതി. കുട്ടിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സംഘം മർദിച്ചു. പുതുവത്സര തലേന്ന് നടന്ന സംഭവത്തിൽ കുട്ടി ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനിതാ പഞ്ചായത്ത് അംഗത്തിനും ഭർത്താവിനും സുഹൃത്തിനുമെതിരെ മുളവുകാട് പൊലീസ് കേസെടുത്തു. പതിനഞ്ചുകാരന്റെ സുഹൃത്തിന്റെ പരാതിയിലാണ് കേസ്. മൂവരും ഒളിവിലാണ്.

മുളവുകാട് പൊന്നാരിമംഗലം ക്രിസ്തുരാജ പള്ളിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഭവം. ഡിജെ പാർട്ടിയുടെ താളത്തിനൊത്ത് നൃത്തം ചെയ്ത 15 വയസ്സുകാരനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മൂന്നംഗ സംഘം ആക്രമിച്ചു. നിലത്തുവീണ പതിനഞ്ചുകാരനെ മൂന്നംഗസംഘം തുടർച്ചയായി ചവിട്ടുകയായിരുന്നെന്ന് സംഭവത്തിൽ പരാതി നൽകിയ സുഹൃത്ത് പറയുന്നു.

പഞ്ചായത്ത് അംഗം കഴുത്തിന് പിടിച്ച് ചുമരിലേക്ക് തള്ളിയിടുകയും തലയിൽ ഇടിക്കുകയും ചെയ്തതായി മൊഴിയിൽ പറയുന്നു. ഇവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്.ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ ഇരയുടെ വാരിയെല്ലിന് പൊട്ടലുണ്ടായതായി പറയുന്നു. മകളെ ശല്യപ്പെടുത്തിയെന്ന് കാണിച്ച് പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ പരിക്കേറ്റ 15കാരനെതിരെയും പൊലീസ് കേസെടുത്തു. ഇതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐയും പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെയാണ് ഡി.ജെ പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *