Your Image Description Your Image Description

തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലും ബാധിക്കാറുള്ളത് സ്ത്രീ കളെയാണ്.ഇപ്പോൾ പുരുഷന്മാരിലും തൈറോയ്ഡ് കണ്ടു വരുന്നുണ്ട്. ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന്, തൈറോയ്ഡ് ആരോഗ്യം അത്യാവശ്യമാണ്. തൈറോയ്ഡ് ഗ്രന്ഥി നല്ല രീതിയിൽ പ്രവർത്തിക്കുന്നത് ഊർജത്തിനും സുഗമമായ ഉപാപചയ പ്രവർത്തനത്തിനും ഗുണം ചെയ്യും.

കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്.

തൈറോയ്‌ഡ്‌ പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്ന പോഷണങ്ങളായ അയഡിന്‍, സെലീനിയം, സിങ്ക്‌ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ നോക്കാം.

അയഡിൻ അളവ് കൂട്ടണം
തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിന് അയോഡിൻ ആവശ്യമാണ്. കടൽപായൽ, മത്സ്യം, കക്കയിറച്ചി തുടങ്ങിയവയിലും പാൽ, തൈര്, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ പാലുൽപ്പന്നങ്ങളിലും അയോഡിൻ അടങ്ങിയിട്ടുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന കല്ലുപ്പിലും അയോഡിൻ അടങ്ങിയിട്ടുണ്ട്. അമിതമായ അയോഡിൻ ഹൈപ്പർതൈറോയിഡിസം കൂടുതൽ വഷളാക്കുന്നതിനാൽ ഉപ്പ് മിതമായി ഉപയോഗിക്കണം.

സെലിനിയം ഭക്ഷണങ്ങൾ
മുഴുവൻ ധാന്യങ്ങൾ, ചിക്കൻ, മുട്ട, സാൽമൺ മീൻ, മത്തി, ട്യൂണ, ബ്രസീൽ നട്‌സ് എന്നിവയിൽ സെലിനിയം ധാരാളമായി കാണപ്പെടുന്നു. തൈറോയ്‌ഡ്‌ ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്ന ധാതുവാണ്‌ സെലിനിയം.

ആരോഗ്യകരമായ കൊഴുപ്പുകൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ തൈറോയ്ഡ് പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. മത്തി, അയല, സാൽമൺ മീൻ, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്‌.

ഫൈബർ ഭക്ഷണങ്ങൾ
ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനത്തിനും നാരുകൾ സഹായിക്കുന്നു, ഇവ രണ്ടും തൈറോയ്ഡ് പ്രവർത്തനത്തിന് നിർണായകമാണ്. തവിട് കളയാത്ത ധാന്യങ്ങൾ (തവിട് അരി, ക്വിനോവ, ഓട്സ്), പച്ചക്കറികൾ (മധുരക്കിഴങ്ങ്, സ്പിനച്, കാരറ്റ്), പഴങ്ങൾ (ഓറഞ്ച്, ആപ്പിൾ, സരസഫലങ്ങൾ), പയർവർഗ്ഗങ്ങൾ എന്നിവയിൽ ആവശ്യത്തിന് ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്.

ഇടവേളകളിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക
ദിവസത്തൽ ചെറിയ ഇടവേളകളിലായി അഞ്ച് മുതൽ ആറുതവണ വരെ ഭക്ഷണം കഴിക്കുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ബ്രോക്കളി, കോളിഫ്‌ളവര്‍, കെയ്‌ല്‍, സോയ ഉത്‌പന്നങ്ങള്‍, ചിലതരം പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഹൈപോതൈറോയ്‌ഡിസം രോഗികള്‍ ഒഴിവാക്കേണ്ടതാണ്‌. സോയ മിൽക്ക്, സോയാബീൻ , കോളിഫ്ലവർ, ബ്രോക്കോളി, കാബേജ്, കാലെ എന്നിവ ഒഴിവാക്കുക. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, കുക്കികൾ അല്ലെങ്കിൽ ചിപ്‌സ് പോലുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, പേസ്ട്രികൾ, ചോക്ലേറ്റുകൾ, സോഡകൾ എന്നിവയിൽ പഞ്ചസാര, സോഡിയം, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ദോഷം ചെയ്യും. കാപ്പി, എനർജി ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *