Your Image Description Your Image Description

മാനന്തവാടി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലർന്ന സന്തോഷമാണ് തനിക്ക് ഉണ്ടായതെന്ന് നടി പാര്‍വതി തിരുവോത്ത്. വയനാട് സാഹിത്യോത്സവത്തിലെ ‘അവൾ ചരിത്രമെഴുതുകയാണ്’ എന്ന സെഷനിൽ മാധ്യമപ്രവർത്തക അന്ന എം. വെട്ടിക്കാടുമായി സംസാരിക്കുകയായിരുന്നു നടി. ആദ്യ പത്തുവർഷത്തിനകം ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചുതീർക്കണമെന്നും വയസ്സുകൂടുന്തോറും സിനിമയിൽ അവസരം കുറയുമെന്നാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുമ്പോൾ സ്ത്രീകൾക്കുകിട്ടുന്ന ഉപദേശമെന്നും പാർവതി പറഞ്ഞു. പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷംമുതൽ ജനസമൂഹം കൂടെയുണ്ടാകുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്യു.സി.സി.യും അവരുടെ കൂട്ടായപ്രവർത്തനങ്ങളുമെന്നും അവർ പറഞ്ഞു.

അമ്മ സംഘടനയിൽ അംഗമായിരുന്നപ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും പാർവതി വിമർശിച്ചു. “അത് വിട് പാർവതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം”- എന്ന മറുപടിയാണ് കിട്ടിയതെന്ന് പാർവതി പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കി. 16 പേര് അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടം പങ്കുവെക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത്. സീരിയലുകള്‍ക്ക് സെൻസ‍ർഷിപ്പ് ആവശ്യമുന്നയിക്കുന്നതില്‍ കാര്യമില്ല. അവബോധമാണ് വേണ്ടത്. വലിയ അക്രമം ചിത്രീകരിക്കുന്ന സിനിമകളില്‍ പോലും സെൻസറിങ് ഫലപ്രദമല്ലെന്ന് പാര്‍വതി പറഞ്ഞു.

ഒരു സിനിമ എഴുതി സംവിധാനം ചെയ്യാനുള്ള ശ്രമം കഴിഞ്ഞ നാല് വർഷമായി തുടരുന്നു. ഒരു സിനിമ പ്രോജക്ട് ആയി മാറുന്നത് മാജിക്ക് ആണെന്നും പാർവതി പറഞ്ഞു. 29 വരെ മാനന്തവാടി ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ ജസ്റ്റിസ് ചെലമേശ്വർ, എഴുത്തുകാരി അരുന്ധതി റോയ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *