Your Image Description Your Image Description

കൊല്ലം : സ്കൂ‌ൾ കെട്ടിടത്തിൽ നിന്നു പത്താം ക്ലാസ് വിദ്യാർഥിനി ചാടി മരിച്ച കേസിൽ 2 അധ്യാപികമാരെയും സെഷൻസ് കോടതി വിട്ടയച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കൊല്ലം വെസ്‌റ്റ് പൊലീസ് അധ്യാപകരായ സിന്ധു പോൾ, ക്രസൻസ് എന്നിവർക്ക് എതിരെ കേസെടുത്തത്. കേസിൽ അധ്യാപകർ കുറ്റക്കാരല്ലെന്നു കണ്ടാണ് ഫസ്‌റ്റ് അഡീഷനൽ സെഷൻസ് ജഡ്‌ജി പി.എൻ. വിനോദ് ഇരുവരെയും വിട്ടയച്ചത്.

2017 ഒക്ടോബർ 20നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മൂന്നാം നിലയിൽ നിന്നു ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി 23ന് മരണത്തിനു കീഴടങ്ങി. അതേ സ്‌കൂളിൽ പഠിക്കുന്ന സഹോദരി ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് ആൺകുട്ടികളുടെ ഇടയിൽ ഇരുത്തിയതു ചോദ്യം ചെയ്‌തതിലെ വിരോധത്തിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പ്രോസിക്യൂഷൻ കേസ്. ക്ലാസുകൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനാണ് അധ്യാപകർ ശ്രമിച്ചത്. അതിനായി കുട്ടിയെ പ്രിൻസിപ്പലിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടു പോയപ്പോഴാണ് പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു ചാടിയതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. സംഭവ ദിവസത്തെ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അതിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം കോടതി വിലയിരുത്തി. കുറ്റപത്രത്തിൽ ആരോപിക്കുന്ന ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയുളള കുറ്റങ്ങൾ പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു.

പ്രതിഭാഗത്തിനായി അഭിഭാഷകരായ ജി. മോഹൻ രാജ്, ബി. അഖിൽ, അഭിജയ്, കിരൺ രാജ് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *