Your Image Description Your Image Description

സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഭീമൻ കമ്പനിയായ ഓപ്പണ്‍ എഐക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍. ഇന്ത്യന്‍ വംശജനായ സുചിര്‍ ബാലാജിയെ(26) സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓപ്പണ്‍എഐയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനായിരുന്നു യുവാവ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സുചിര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സുചിറിന്റെ മരണത്തില്‍ സംശയിക്കേണ്ടതായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

നവംബര്‍ 26നാണ് അപാര്‍ട്‌മെന്റില്‍ സുചിര്‍ ബാലാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപാര്‍ട്‌മെന്റിലെ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് സുചിറിനെ അന്വേഷിച്ച് പൊലീസ് ബുക്കാനന്‍ സ്ട്രീറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

2020 നവംബര്‍ മുതല്‍ 2024 ഓഗസ്റ്റുവരെയാണ് സുചിര്‍ ഓപ്പണ്‍ എഐയില്‍ ജോലി ചെയ്തത്. ഓപ്പണ്‍ എഐ പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് സുചിര്‍ ബാലാജി ഒക്ടോബറില്‍ ആരോപിച്ചിരുന്നു. ചാറ്റ് ജിപിടി അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഇന്റര്‍നെറ്റിനെ ദോഷകരമായി ബാധിക്കുകയാണെന്നും സുചിര്‍ വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *