Your Image Description Your Image Description

കൊല്ലം: കരുനാഗപ്പള്ളിയിലെ സിപിഎമ്മിൽ ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിൽ നടപടിയുമായി സംസഥാന നേതൃത്വം. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെ ‘സേവ് സിപിഎം’ പ്ലക്കാർഡുകളുമായി വിമത വിഭാഗം തെരുവിൽ പ്രതിഷേധിച്ച സംഭവത്തെ തുട‍ർന്നാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു. ഇതിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്.

ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളാണെന്നും തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയിലേത് പ്രാദേശിക വിഷയമാണെന്നും ജില്ലയിലാകെയുള്ള പ്രശ്നമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ടി മനോഹരൻ കൺവീനറായാണ് പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എൽ സജികുമാർ, എസ് ആർ അരുൺ ബാബു, പി വി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, ബി ഇക്ബാൽ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലേക്ക് പോയതോടെ കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളി വരെയെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവെച്ചു. സമ്മേളനത്തിൽ ഔദ്യോഗിക പാനൽ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ നേതൃത്വം നൽകുന്ന മാഫിയ കരുനാഗപ്പള്ളിയിലെ പാർട്ടിയെ തകർത്തെന്ന് വിമത വിഭാഗം ആരോപിച്ച സംഭവത്തിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് നടപടിക്ക് സിപിഎം തയ്യാറായത്.

സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കൊപ്പമുള്ളവരും പി.ആർ.വസന്തനെ അനുകൂലിക്കുന്നവരുമാണ് വിഭാഗീയതയുടെ ഇരുദ്രുവങ്ങളിലുള്ളത്. ലോക്കൽ കമ്മിറ്റികളിൽ ഭൂരിഭാഗവും വസന്തൻ വിഭാഗത്തിൻ്റെ കൈയ്യിലാണ്. കമ്മിറ്റികളിലെ ആധിപത്യം ഉറപ്പിക്കലാണ് തർക്കങ്ങൾക്ക് അടിസ്ഥാനം. കരുനാഗപ്പള്ളിയിൽ പലയിടങ്ങളിലും സേവ് സിപിഎം എന്ന പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. എന്നാൽ സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയിൽ തിടുക്കപ്പെട്ട് അച്ചടക്ക നടപടി വേണ്ടെന്ന് അഭിപ്രായമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *