Your Image Description Your Image Description

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ സീമകളും ലംഘിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കോടതി വിധികളും ഭരണഘടന വ്യവസ്ഥകളും മറികടന്നാണ് ഗവർണർ മുന്നോട്ട് പോകുന്നതെന്നും നിയമവിരുദ്ധ കാര്യങ്ങൾ ചെയ്ത് സർവകലാശാലകളെ താറുമാറാക്കുകയാണ് ചെയ്യുന്നതെന്നും എം വി ​ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്തെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ​ഗവർണറുടെ ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നൽകുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. സർവ്വകലാശാലകളിൽ തുടങ്ങി പൊതു സമൂഹത്തിൽ വരെ ഗവർണറുടെ ചെയ്തികൾ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നൽകും. ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്തുകയാണ്. ഗോൾവാൾക്കറുടെ ചിത്രത്തിൽ നമസ്കരിച്ച് ചുമതല ഏറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. കാവി വത്കരണത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തും. ഗവർണറുടെ നടപടിയിൽ യുഡിഎഫ് നിലപാട് എന്താണെന്നും ഗോവിന്ദൻ ചോദിച്ചു.

കോൺഗ്രസ് വിട്ടെത്തിയ പി സരിനെ പൂർണ്ണമായും ഉൾക്കൊള്ളുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി അംഗത്വത്തിന് സാങ്കേതിക കാലതാമസം ഉണ്ട്. സരിനെ പ്രയോജനപ്പെടുത്താവുന്ന മേഖലകളിലെല്ലാം ഉപയോഗിക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. ഏറെ പ്രതിസന്ധികൾ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടമെന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്. വൻ നേതൃ നിര തന്നെ അണി നിന്നു. പാലക്കാട്ടെ യുഡിഎഫ് വിജയം മത ധ‌ുവീകരണത്തിന്റെ ഫലമാണ്. ക്ഷേമ പെൻഷൻ പട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ കർശന നടപടി ഉണ്ടാകണം. പെൻഷൻ തട്ടിപ്പ് അപമാനകരമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

അതേ സമയം, കൊല്ലം കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘർഷത്തിൽ കർശന നടപടി ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്താക്കി. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. സംഘടനാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *