Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ ലഭ്യത ഉറപ്പാക്കാനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവസരം ലഭിക്കും. സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കായി കേരളത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്ന നിക്ഷേപ ഉച്ചകോടിയാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്.

2025 ഫെബ്രുവരി 21,22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി ഡിസംബര്‍ 18 ന് തിരുവനന്തപുരത്ത് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍. ആര്‍ അറിയിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ- കയര്‍- നിയമ വകുപ്പ് മന്ത്രി പി. രാജീവ് കോണ്‍ക്ലേവില്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് പരിശീലനം നല്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ വ്യാവസായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ ഏജന്‍സി എന്ന നിലയില്‍ വായ്പ, ഓഹരി തുടങ്ങിയ പിന്തുണയിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് കെഎസ്ഐഡിസി ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

നിലവിലെ പദ്ധതി അനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പയായി ഒരു കോടി രൂപ വരെ കെഎസ്ഐഡിസി ക്ക് നല്‍കാന്‍ കഴിയും. നാല് വര്‍ഷത്തെ തിരിച്ചടവ് കാലയളവും ആറ് മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുള്ള വായ്പയ്ക്ക് ഏഴു ശതമാനം പലിശയാണ് ഈടാക്കുന്നത്. ഇത്തരം വായ്പയെ ഇക്വിറ്റി ഫണ്ടാക്കി മാറ്റാനും സാധിക്കും.

ഒരു കോടി മുതല്‍ അഞ്ച് കോടി രൂപ വരെ തിരിച്ചെടുക്കാവുന്ന വായ്പാത്തുകയായാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്ഐഡിസി ഇക്വിറ്റി ഫണ്ട് നല്കുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ തുക തിരിച്ചെടുക്കാനാകും എന്നതും ശ്രദ്ധേയം.

കേരളത്തിലെ അതിവേഗം വളരുന്ന സാങ്കേതികവിദ്യയും സ്റ്റാര്‍ട്ടപ്പുകളും അണിനിരക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2024 ല്‍ സംരംഭകരും നിക്ഷേപകരും ഉപദേശകരും നയരൂപകര്‍ത്താക്കളും പങ്കെടുക്കുന്നുണ്ട്.

വ്യാഴാഴ്ച ആരംഭിച്ച ത്രിദിന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള വിപുലമായ സാങ്കേതികവിദ്യാധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച സ്റ്റാര്‍ട്ടപ്പ് സംഗമം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *