Your Image Description Your Image Description

വയനാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തിലൂടെ ഹയര്‍സെക്കന്‍ഡറി കോഴ്സ് വിജയിച്ചവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബിരുദ പഠനത്തിന് നൂതന പദ്ധതി നടപ്പാക്കുന്നു. പദ്ധതി മുഖേന ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടാം. ജില്ലയില്‍ 2015 മുതല്‍ 2024 വരെ 2517 പേരാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലൂടെ പഠനം പൂര്‍ത്തീകരിച്ചത്.

ജനറല്‍ വിഭാഗത്തില്‍ 50 ശതമാനവും പട്ടികജാതി വിഭാഗത്തിന് 75 ശതമാനവും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 ശതമാനവുമാണ് പദ്ധതി മുഖേന ഫീസ് ആനുകൂല്യം ലഭിക്കുക. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അഡ്മിഷന്‍ ലഭിച്ച പഠിതാക്കള്‍ക്ക് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ അവധി ദിവസങ്ങളില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടക്കും.

ജില്ലാ രജിസ്ട്രേഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എ.കെ സുനില, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സൂപ്രണ്ട് എം.സി സുജിത്കര്‍, പ്രോജക്ട് സെക്ഷന്‍ ക്ലര്‍ക്ക് കെ.എസ്.ഷീജ, സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *