Your Image Description Your Image Description

ഒട്ടാവ: കാനഡയിലെത്തിയാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി. യുദ്ധക്കുറ്റങ്ങൾക്ക് നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് തങ്ങൾ പാലിക്കുമെന്ന് കാനഡ അറിയിച്ചു. അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുമെന്നും അന്താരാഷ്ട്ര കോടതിയുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം യുകെയിൽ എത്തിയാൽ ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു. ആഭ്യന്തര നിയമവും അന്താരാഷ്ട്ര നിയമവും അനുസരിച്ച് യുകെ എല്ലായ്പ്പോഴും അതിൻ്റെ നിയമപരമായ ബാധ്യതകൾ പാലിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവ് അറിയിച്ചത്.

അതേസമയം, 2023 ഒക്‌ടോബർ 7-ന് നടന്ന ഹമാസ് ഗ്രൂപ്പിൻ്റെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ-​ഹമാസ് സംഘർഷം രൂക്ഷമായത്. ഒരു വർഷത്തിലേറെയായി ഈ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ചെയ്ത യുദ്ധക്കുറ്റങ്ങൾക്ക് നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *