Your Image Description Your Image Description

കൊല്ലം: കേരളപ്പിറവി അറബിക്കടലിൽ ആഘോഷിക്കാൻ അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. നവംബർ ഒന്നിന് രാവിലെ 10ന് കൊല്ലം ബസ് സ്റ്റേഷനിൽനിന്ന് എ.സി ലോ ഫ്ലോർ ബസിൽ മറൈൻഡ്രൈവിൽ എത്തി അവിടെനിന്ന് നെഫർറ്റിറ്റി ക്രൂയിസ് കപ്പലിൽ അഞ്ച് മണിക്കൂർ അറബിക്കടലിൽ ചെലവഴിക്കുന്ന യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ബുഫൈ ഡിന്നർ, ഡി.ജെ മ്യൂസിക്, ഗെയിമുകൾ ഉൾപ്പെടുന്ന പാക്കേജിൽ മുതിർന്നവർക്ക് 4240 രൂപയും കുട്ടികൾക്ക് 1930 രൂപയുമാണ് ഈടാക്കുക. കൂടാതെ മറ്റ് ഉല്ലാസയാത്രകളും നവംബറിൽ ഒരുക്കിയിട്ടുണ്ട്.നവംബർ മൂന്നിനും 17നും ചാർട്ട് ചെയ്‌ത പൊന്മുടിയാത്രക്ക് എല്ലാ പ്രവേശനഫീസുകളും അടക്കം 770 രൂപയാണ് നിരക്ക്. നവംബർ ഒമ്പതിന് മൂന്നാർ, മെട്രോ വൈബ്സ് എന്നീ യാത്രകളാണ്. ഗ്യാപ് റോഡ്, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന രണ്ടുദിവസത്തെ മൂന്നാർയാത്രക്ക് 1730 രൂപയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വാട്ടർ മെട്രോ, റെയിൽ മെട്രോ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയ മെട്രോവൈബ്സിന് 870 രൂപയുമാണ് നിരക്ക്. നവംബർ 10ന്, റോസ് മല, വാഗമൺ, പത്തനംതിട്ടയിലെ ക്ഷേത്രങ്ങൾ എന്നിങ്ങനെ മൂന്ന് യാത്രകൾ തയാറാക്കിയിട്ടുണ്ട്. റോസ് മലയ്ക്ക് 770 രൂപയും വാഗമണിന് 1020 രൂപയുമാണ്. മണ്ണടിക്ഷേത്രം, കല്ലേലിക്ഷേത്രം, മലയാലപ്പുഴ, പെരുനാട്, കവിയൂർ തിരുവല്ലഭ ക്ഷേത്രം എന്നിവ ഉൾപ്പെടു ന്ന പത്തനംതിട്ടയിലേക്കുള്ള പാക്കേജിന് 650 രൂപയാണ്.നവംബർ 15ന് വൈകീട്ട് ആറിന് മലബാർ ട്രിപ് ചാർട്ട് ചെയ്തിട്ടുണ്ട്. മലബാറിലെ പ്രധാന ചരിത്രസ്മാരകങ്ങളും ഉല്ലാസകേന്ദ്രങ്ങളും ഉൾപ്പെടുന്ന ട്രിപ് ഞായറാഴ്‌ച രാത്രി മടങ്ങിയെത്തും. വൃശ്ചികം ഒന്നായ നവംബർ 16ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം എന്നീ ശാസ്‌താക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയ തീർഥാടന യാത്രയുമുണ്ട്. 650 രൂപയാണ് നിരക്ക്. കുടാതെ ഇല്ലിക്കൽകല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്രയും അന്നേദിവസമുണ്ട്. 820 രൂപയാണ് ചാർജ്. നവംബർ 21, 27 ദിവസങ്ങളിലെ ഗവിയാത്രയിൽ അടവി, പരുന്തുംപാറ സന്ദർശനവും ഉൾപ്പെടും. നിരക്ക് 1750 രൂപ. ഫോൺ: 9747969768, 9495440444.

Leave a Reply

Your email address will not be published. Required fields are marked *