Your Image Description Your Image Description
മക്കരപ്പറമ്പ്: വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മദ്രസ സ്ഥാപനങ്ങൾ അടച്ചു പൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ നിർദേശം സംഘ്പരിവാർ സർക്കാരിന്റെ വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീഖ് അഭിപ്രായപ്പെട്ടു. വെർഫെയർ പാർട്ടി മക്കരപ്പറമ്പ്‌ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മക്കരപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ നൽകുന്ന സഹായങ്ങൾ നിർത്തലാക്കണമെന്ന കമ്മീഷന്റെ നിർദേശം പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുവാനുളള ബോധപൂർവ ശ്രമത്തിന്റെ ഭാഗമാണെന്നും, മദ്രസാ സ്ഥാപനങ്ങൾ സമുദായത്തിലെ അഭ്യുദയകാംക്ഷികളുടെ ഉദാരമായ സഹായങ്ങൾ കൊണ്ട് മാത്രമാണ്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സർക്കാർ പാർലമെന്റിലവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിന്റ തുടർച്ചയാണ് ഈ പുതിയ നിർദേശമെന്നും അദ്ദേഹം സൂചിപ്പിച്ചു. വംശീയ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സംഘ്പരിവാർ സർക്കാരിന്റെ ഏതൊരു ശ്രമത്തെയും ഇന്ത്യയിലെ മതേതര സമൂഹം ഒറ്റകെട്ടായി ചെറുത്ത് തോൽപിക്കുമെന്നും അദ്ദേഹം ഉണർത്തി.
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി മായിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡന്റ് കെ. പി ഫാറൂഖ്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ എന്നിവർ സംസാരിച്ചു. പാർട്ടിയുടെ പുതിയ പഞ്ചായത്ത് ഭാരവാഹികളെ ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ പ്രഖ്യാപിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ ജാബിർ സ്വാഗതവും സെക്രട്ടറി സി.കെ സുധീർ നന്ദിയും പറഞ്ഞു.
നേരത്തെ മക്കരപ്പറമ്പ് ടൗണിൽ നടന്ന പ്രകടനത്തിന് സക്കരിയ കാരിയത്ത്, കെ.ടി ബഷീർ, ഷബീർ കറുമൂക്കിൽ, സഹദ് മക്കരപ്പറമ്പ്, റഷീദ് കൊന്നോല, പി ശരീഫ്, യു.പി ആദിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *