Your Image Description Your Image Description

മലപ്പുറം: സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഇടഞ്ഞ എംഎൽഎ പി.വി.അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി. പുഷപനെ അനുസ്മരിച്ചുകൊണ്ടാണ് അൻവർ പ്രസംഗിച്ചു തുടങ്ങിയത്. തന്നെ മുസ്‍ലിം വർഗീയവാദിയാക്കാൻ നോക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണു യോഗസ്ഥലത്തേക്ക് വരവേറ്റത്. യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു.


അൻവറിന്റെ വാക്കുകൾ ഇങ്ങനെയാണ്,

”ഒരു മനുഷ്യൻ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ നോക്കുകയാണ്. ഈ രീതിയിൽ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ 5 നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.

ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാൻ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വർഗീയവാദിയെന്നു പറയുന്നത്. ഇസ്‍ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം”.

സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ 4 കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *