Your Image Description Your Image Description

പെരുമ്പാവൂർ: പുതിയതായി ഒരു പരിഷ്‌കാരം കൊണ്ട് വരുമ്പോൾ അത് എന്തിനാണെന്നുള്ള ബോധം ആളുകളിൽ ഉണ്ടാക്കണം. അല്ലാത്ത പക്ഷം അത് വലിയ അപകടങ്ങളിലേക്ക് വഴിമാറും. അങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ പെരുമ്പാവൂർ നഗരത്തിലെ ഡ്രൈവറന്മാർ. നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി പുഷ്പ ജംക്‌ഷനിൽ വരച്ച മഞ്ഞച്ചതുരം എന്തിനാണെന്ന് ഇനിയും അവർക്ക് മനസിലായിട്ടില്ല. അതിന്റെ ഫലമായി ഇന്നലെ മഞ്ഞച്ചതുരത്തിനു മുൻപ് നിർത്താതെ പാഞ്ഞ ടിപ്പർ ലോറി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു. ചതുരങ്ങൾക്കു മുകളിൽ വാഹനം നിർത്താൻ പാടില്ലെന്ന പ്രാഥമിക അറിവ് പല ഡ്രൈവർമാർക്കും ഇല്ല. മഞ്ഞച്ചതുരങ്ങൾ എന്തിനെന്നതിനെ കുറിച്ചു ബോധവൽക്കരണം അത്യാവശ്യമാണ്.

ചതുരങ്ങൾക്കു മുകളിൽ വാഹനം നിർത്തുന്നതിനാൽ സിഗ്നൽ കഴിഞ്ഞു വരുന്ന വാഹനങ്ങൾക്ക് കെഎസ്ആർടിസി റോഡിലേക്കും തിരിച്ചും പ്രവേശിക്കാൻ കഴിയില്ല. ഇത് വാഹനക്കുരുക്കിനു കാരണമാകുന്നു. കഴിഞ്ഞ മാർച്ചിലാണ് ചതുരങ്ങൾ വരച്ചത്. ഇതു സംബന്ധിച്ചു കാര്യമായ ബോധവൽക്കരണം നടന്നിട്ടില്ല. ട്രാഫിക് വാർഡൻമാരെയോ ട്രാഫിക് പൊലീസിനെയോ പുഷ്പ ജംക്‌ഷനിൽ നിയോഗിച്ചു ബോധവൽക്കരണം നടത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ തുടർദിവസങ്ങളിൽ നിയമലംഘനം തുടരും.

മഞ്ഞച്ചതുരത്തിന്റെ ആവശ്യമെന്താണ്?
സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള കവലകളിലാണ് ഇത്തരം ചതുരങ്ങൾ വരയ്ക്കുന്നത്.മഞ്ഞച്ചതുരത്തിൽ വാഹനം നിർത്തരുതെന്നാണു നിയമം. തിരക്കുള്ള കവലയായതിനാൽ 4 വശത്തേക്കും വാഹനങ്ങൾ കടന്നു പോകുന്നതിനാണ് ഇത്.കോതമംഗലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സിഗ്നലിലേക്ക് എത്താൻ നിര തെറ്റിച്ച് ഓടുന്നതും പതിവാണ്. സ്വകാര്യ ബസുകളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. ഇക്കാര്യത്തിലും പൊലീസ് ഇടപെടണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *