Your Image Description Your Image Description

മലപ്പുറം: പൊലീസിൽ പലരും ക്രിമിനൽ വത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണെന്നും പി വി അൻവർ എംഎൽഎ. കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമമെന്നും അൻവർ മലപ്പുറത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പറഞ്ഞു.

സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഷാജൻ സ്‌കറിയക്ക് തടയിടാനുള്ള ശ്രമം ആണ് ഇവിടെ വരെ എത്തിച്ചത്.

ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാൻ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വർഗീയവാദിയെന്നു പറയുന്നത്. ഇസ്‌ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആർക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.

എന്റെ നിലപാടുകൾ പറയാൻ പോവുകയാണ്. സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നിൽ നിൽക്കുകയാണ്. ഈശ്വര പ്രാർഥന നടക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം. ഈശ്വര പ്രാർഥന ഒഴിവാക്കണമെന്നു നിയമസഭയിൽ എഴുതിക്കൊടുത്തു. സർക്കാർ ചടങ്ങുകളിൽ ഒരു പ്രാർഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതിൽ സാമുദായിക നേതാക്കൾ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാൻ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.

വർഗീയവാദിയാക്കി ചാപ്പ കുത്താൻ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈൽ ഫോൺ അടിമകളാണ് ചെറുപ്പക്കാർ. മൊബൈൽ ഫോണിലൂടെ ഫാസിസം പ്രചരിക്കുന്നു. നാട്ടിൽ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആർക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈൽ ഫോണിലൂടെയാണ്.

പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയുമധികം സ്വർണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയർപോർട്ടിൽ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റർനെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വർണം സ്‌കാനറിൽ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വർണം പൊലീസ് പിടിച്ചത്? പിന്നെ ഈ അന്വേഷണം സ്വർണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വർണം പിടിച്ചാൽ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *