Your Image Description Your Image Description

രാഘവന്റെ നെഞ്ചിൽ കുത്തേറ്റാൽ കെപിസിസി പ്രസിഡണ്ടിന് വേദനിക്കുമോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂർ ഡിസിസിയുമായി ബന്ധപ്പെട്ട പ്രധാന ചർച്ചാവിഷയം ഇതാണ്. കൂത്തുപറമ്പിൽ കോൺഗ്രസുകാർ പൊതുജനത്തിൽ നിന്ന് പിടിച്ചെടുത്ത ഹൈസ്കൂളിന്റെ നടത്തിപ്പ് ശരിയല്ലെന്ന് പറഞ്ഞു കോടതി വിധിച്ചപ്പോൾ, ആ വിധിക്ക് കാരണഭൂതനായ ഡിസിസി സെക്രട്ടറി സത്യൻ നരവൂറിനെ കെപിസിസി പ്രസിഡണ്ടിന്റെ നിർദ്ദേശമനുസരിച്ച് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിക്കൊണ്ട് ജനറൽ സെക്രട്ടറി എം ലിജു നൽകിയ കത്താണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

944 ൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവരും വിവിധ മതവിശ്വാസികളുമായ കുറച്ചുപേർ ചേർന്ന് രൂപീകരിച്ച ഒരു ചാരിറ്റബിൾ സൊസൈറ്റി നടത്തി വന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് തൊണ്ണൂറുകളിൽ സാവധാനം കോൺഗ്രസിന്റെ കൈയിലേക്കെത്തിച്ചേർന്നത്.

അന്ന് സുധാകരന്റെ പാർശ്വവർത്തിയായ ആർ കെ രാഘവനെന്ന ഒരു ലോക്കൽ കോൺഗ്രസ് നേതാവിനെ ഇതിന്റെ ചുമതലകളേൽപ്പിച്ച് സ്കൂൾ മാനേജരായി നിയമിച്ചു. ആർ കെ രാഘവന്റെ മുഴുവൻ പ്രവർത്തികളും, അഴിമതിയും നിയമവിരുദ്ധവുമാണെന്ന് ആരോപണമുയരുകയും ഒടുവിൽ പരാതി കോടതിയിലുമെത്തി .

പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് കണ്ടെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കോടതിയും പറഞ്ഞത് . ഇതാണ് സുധാകരനെ പ്രകോപിപ്പിക്കാൻ കാരണം.
അക്കാലത്തെ പൗരപ്രമുഖരായ വിവിധ സമുദായക്കാരാണ്ഈ ഹൈസ്കൂളിന് അടിത്തറ പാകിയത്.

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കൂത്തുപറമ്പിന് വിദ്യാഭ്യാസം നൽകി ഉദ്ധരിക്കണമെന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ ഈ സ്കൂളിൽ ഇന്ന് പഠിപ്പിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയും അധികാര ദുർവിനിയോഗവുമാണ്.

പന്തലായി കുഞ്ഞിക്കണ്ണനെന്ന സ്വാതന്ത്ര്യസമരസേനാനി, മലബാർ സിംഹമെന്നറിയപ്പെട്ടിരുന്ന കുഞ്ഞുമായ ഹാജി, സാമുവൽ അരോണ എന്ന വ്യവസായ പ്രമുഖൻ, ശ്രീനിവാസ അയ്യരെന്ന അഭിഭാഷകൻ എന്നിവരെല്ലാം ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത് .

944 മുതൽ 990 വരെ നടത്തിപ്പുകാരുടെ കയ്യിൽ നിന്ന് പണം മുടക്കി വളരെ മാന്യമായി നടത്തിക്കൊണ്ടു പോന്നിരുന്ന ഈ സ്കൂളിന്റെ നടത്തിപ്പ് വി പി ജി നമ്പ്യാർ എന്ന അഭിഭാഷകന്റെ മേൽനോട്ടത്തിലെത്തിയപ്പോഴാണ് പ്രശ്നങ്ങളും തുടങ്ങുന്നത്.

തുടക്കത്തിൽ 100 രൂപ അംഗത്വ ഫീസ് ഉണ്ടായിരുന്ന ചാരിറ്റബിൾ സൊസൈറ്റിയിൽ അംഗത്വ ഫീസ് 5000 രൂപയാക്കി. ഏതാണ്ട് 396 പുതിയ അംഗങ്ങളെ ചേർത്തു. അതിൽ ഭൂരിപക്ഷവും കോൺഗ്രസുകാരും ആർഎസ്എസ് അനുഭാവികളുമായിരുന്നു. ഇതോടൊപ്പം ഇതിന് തുടക്കമിട്ടവരെ ഏതാണ്ട് പൂർണമായി ഒഴിവാക്കുകയും ചെയ്തു.

ഏതാണ്ട് ഇതേ കാലയളവിലാണ് ഇന്നത്തെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം എടുക്കുന്നത്. 80 കളുടെ ആദ്യകാലങ്ങളിൽ ഇന്ദിരാഗാന്ധിയെ ‘ഭാരത യക്ഷി’ എന്ന് വിളിച്ച അതേ സുധാകരനാണ് യാതൊരു ഉളുപ്പുമില്ലാതെ അതേ ഇന്ദിരാഗാന്ധി നയിച്ചിരുന്ന കോൺഗ്രസിൽ അംഗത്വമെടുത്തത്.

95 ൽ പുതുതായി അംഗത്വം കൊടുത്ത 396 അംഗങ്ങൾക്ക് മെമ്പർഷിപ്പോ മറ്റു കാര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പകരം ക്രമനമ്പറായിരുന്നു അംഗത്വം . സത്യത്തിൽ നിയമസാധുതയില്ലായിരുന്നു ആ പ്രവർത്തിക്ക്. ആരും അതിനെ അന്ന് ചോദ്യം ചെയ്തിരുന്നില്ല. എന്നാലിന്നത് കോടതിയുടെ മുന്നിലാണ്. രണ്ടായിരത്തോടുകൂടി കെ സുധാകരന്റെ നേതൃത്വത്തിൽ ഭരണസമിതി പിടിച്ചെടുത്തു. അതിന് സഹായിച്ചതാവട്ടെ അവിടുത്തെ ആർഎസ്എസ് നേതൃത്വവും.

2000 മുതൽ 2018 വരെ അവിടെ നടന്ന അഴിമതികളെയും അധികാര ദുർവിനിയോഗത്തെയും പറ്റി സത്യൻ നരവൂർ കോടതിയിൽ ഹർജി ഫയൽ ചെയ്തു. കോടതി നിർദ്ദേശമനുസരിച്ച് വിദ്യാഭ്യാസ സെക്രട്ടറി വിഷയം പഠിക്കുകയും, മാനേജരെ പിരിച്ചുവിടുകയും ഡിഇഒയെ ചാർജ് ഏൽപ്പിക്കുകയും ചെയ്തു. 1995 ൽ ഭരണസമിതിയിലുണ്ടായിരുന്ന സത്യൻ നരവൂർ 2018 ലാണ്കോടതിയെ സമീപിക്കുന്നത്.

2000 മുതൽ 2018 വരെയുള്ള കാലയളവിൽ കോടിക്കണക്കിന് രൂപയാണ് അന്നത്തെ സ്കൂൾ മാനേജർ അഴിമതിയിലൂടെ തട്ടിയെടുത്തതെന്നാണ് ആരോപണം . 2018 മുതൽ 2024 വരെയുള്ള കാലയളവിലും നിയമനത്തിനായി വലിയ തുകകൾ വാങ്ങിയിട്ടുണ്ടെന്നാണറിയാൻ സാധിക്കുന്നത്.

പലരുടെയും വരുമാന മാർഗ്ഗം അടഞ്ഞതാണ് , സത്യൻ നരവൂരിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള കാരണമെന്നാണ് കരക്കമ്പി. 25 /7/ 2024 ൽ പുറത്തുവന്ന കോടതിവിധി പ്രകാരം വിദ്യാഭ്യാസ സെക്രട്ടറി, നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഡി ഇ ഓ യെ ചാർജ് ഏൽപ്പിച്ചതെങ്കിലും അഴിമതിയും അധികാര ദുർവിനിയോഗവും അടക്കം വിദ്യാഭ്യാസ സെക്രട്ടറി കണ്ടെത്തിയ മുഴുവൻ കാര്യങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വച്ചു .

ഇതോടെയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് ഹാലിളകിയതും അതിന് കാരണഭൂതനായ സത്യൻ നരവൂരിന് പാർട്ടിയിൽ നിന്നും സസ്പെൻഷൻ അടിച്ച് കയ്യിൽ കൊടുത്തതും. സുധാകരൻ കെപിസിസി പ്രസിഡണ്ടായതോടുകൂടി കണ്ണൂരീലെ കോൺഗ്രസ് പാർട്ടിയെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കണ്ണൂർ സഹകരണ ആശുപത്രിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെ ആദ്യം പുറത്താക്കി. മമ്പറം ദിവാകരന് സത്യത്തിൽ അതൊരു ആവശ്യവുമായിരുന്നു. കോൺഗ്രസുകാർ ഒന്നടക്കം ആദരിച്ചിരുന്ന ഇന്ദിരാഗാന്ധിയെ ‘ഭാരത യക്ഷി’ എന്നുവിളിച്ചാക്ഷേപിച്ചവനെ കൈപിടിച്ച് കരുണാകരന്റെ അടുത്തെത്തിച്ച മമ്പറത്തിന് ഇത്രയല്ലേ വന്നുള്ളൂവെന്ന് കരുതി നമുക്ക് ആശ്വസിക്കാം.

പാർട്ടിക്കുള്ളിൽ കോൺഗ്രസുകാർ നടത്തുന്ന അഴിമതികളോ, അധികാര ദുർവിനിയോഗങ്ങളോ പുറത്തു പറയാൻ പാടില്ലെന്ന അലിഖിത നിയമം ലംഘിച്ച്, അതെല്ലാം തുറന്നുകാണിച്ചാൽ എല്ലാവരുടെയും അനുഭവം ഇതായിരിക്കുമെന്ന് സുധാകരൻ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.

ഇത് കോൺഗ്രസുകാരുടെ സൊസൈറ്റിയല്ല. കോൺഗ്രസുകാർ കയ്യൂക്കുകൊണ്ട് അതിൽ അധിനിവേശം നടത്തിയവരാണ്. ഇവിടെ മറ്റൊരു സംശയം കൂടിയുണ്ട്. കെ സുധാകരൻ 990 ൽ മാത്രമാണ് കോൺഗ്രസ് പാർട്ടിയിൽ അംഗത്വ സ്വീകരിച്ചത്. സത്യൻ നരവൂർ 1976 ൽ കെഎസ്‌യുവിൽ പ്രവർത്തിച്ച് പാർട്ടിയിൽ വന്ന ആളാണ്.

അങ്ങനെ നോക്കുമ്പോൾ സുധാകരനെക്കാൾ സീനിയറാണ് സത്യൻ നരവൂർ. മാത്രമല്ല, കണ്ണൂരുള്ള മുഴുവൻ കോൺഗ്രസുകാരും പാർട്ടിയിൽ സുധാകരനെക്കാൾ സീനിയറാണ്. ഇത്തരത്തിൽ ഓരോരുത്തരെ തിരഞ്ഞുപിടിച്ചു പുറത്താക്കിയാൽ സുധാകരന് പാർട്ടിയിൽ സീനിയോറിറ്റി ലഭിക്കുമെന്ന ചിന്താഗതിയായിരിക്കും .

നാട്ടിലുള്ള മുഴുവൻ കോൺഗ്രസുകാരെയും വെറുപ്പിച്ചിട്ട് സുധാകരൻ ജയിച്ചത് എങ്ങനെയാണെന്ന ചോദ്യവും മുന്നിൽ വരുന്നുണ്ട്. മാർക്സിസ്റ്റുകാരുടെ അഴിഞ്ഞാട്ടം കണ്ടുവളർന്ന കണ്ണൂരിലെ കോൺഗ്രസുകാർക്ക് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ആരെയും ജയിപ്പിക്കുന്ന പാരമ്പര്യമുണ്ട്.

അത് കോൺഗ്രസിന്റെ മാത്രമല്ല, സാധാരണക്കാരന്റെയും നിലനിൽപ്പിന്റെ ആവശ്യമാണന്നുള്ളതുകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ സുധാകരനെന്നല്ല, ഏത് കുറ്റിചൂൽ മത്സരിച്ചാലും കോൺഗ്രസുകാർ മുൻ വൈരാഗ്യങ്ങളെല്ലാം മാറ്റിവച്ച് സ്ഥാനാർത്ഥിയുടെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങും .

ആ ബലഹീനത മുതലെടുത്താണ് സുധാകരനവിടെ ആളു കളിക്കുന്നത്. സുധാകരൻ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. സ്ഥാനാർത്ഥിയുടെ മുഖമല്ല, മറിച്ച് ‘കൈപ്പത്തി’ എന്ന ചിഹ്നമാണ് ഓരോ കോൺഗ്രസുകാരന്റെയും ഒപ്പം മാർക്സിസ്റ്റ് ഇതര ചിന്താഗതിക്കാരുടെയും മനസ്സിൽ .

കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് നേതൃത്വം , ഒരു കാര്യം വ്യക്തമാക്കണം. സ്വന്തം പാർട്ടിക്കാർ നടത്തിയ കൊള്ളയും അഴിമതിയും പുറത്തു കൊണ്ടുവന്ന കോൺഗ്രസ് നേതാവിനെ പുറത്താക്കാൻ ചങ്കൂറ്റം കാണിച്ച കെപിസിസി പ്രസിഡണ്ടിനും മറ്റു നേതാക്കന്മാർക്കും, ഇനി കേന്ദ്ര – സംസ്ഥാന മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് സംസാരിക്കാനവകാശംമുണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *