Your Image Description Your Image Description

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടുമെന്നുറപ്പായി . നിരക്ക് കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വിവിധ സ്ഥലങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ പൊതുജനങ്ങളുടെ ശബ്ദം രോഷമായി ഉയർന്നെങ്കിലും നിരക്ക് വർദ്ധനയിൽ നിന്ന് പിന്നോട്ട് പോകാൻ വൈദ്യതി ബോർഡ് തയ്യാറല്ല .

2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകൾ പരിഷ്‌ക്കരിക്കാനടക്കം 110 പേജുള്ള അപേക്ഷയാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചത്. ഇതിന്മേൽ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളിൽ നടത്തിയ പൊതു തെളിവെടുപ്പിൽ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ബോർഡിനെതിരെ രംഗത്തു വന്നത് .

കാലങ്ങളായി കാത്തുവച്ച പ്രതിഷേധമാണ് രോഷമായി അണപൊട്ടിയത്. മുമ്പും ഇത്തരം ആവശ്യവുമായി ബോർഡ് , റഗുലേറ്ററി കമ്മിഷനെ സമീപിക്കുമായിരുന്നെങ്കിലും കമ്മിഷന്റെ സിറ്റിംഗുകൾ ആരുമറിയാതെ പ്രഹസനമായി മാറുമായിരുന്നു .

എന്നാലിതാദ്യമായി അതിന് മാറ്റം സംഭവിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നടത്തിയ സിറ്റിംഗുകളിൽ വൻ ജനപങ്കാളിത്തം ഉണ്ടായതോടെ തിരുവനന്തപുരത്ത് നടന്ന അവസാന സിറ്റിംഗിൽ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ വൈദ്യുതി ബോർഡ് ജീവനക്കാർ ബോർഡിനനുകൂലമായി കാര്യങ്ങൾ നിരത്തിയതോടെ യഥാർത്ഥ ഉപഭോക്താക്കളുമായി വാഗ്വാദവും സംഘർഷവും വരെയുണ്ടായി .

ഒടുവിൽ പൊലീസും റഗുലേറ്ററി കമ്മിഷൻ ഉദ്യോഗസ്ഥരും ഇടപെട്ടാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്. ബോർഡിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ട്രേഡ്‌യൂണിയനുകളുടെ കള്ളക്കളികളും ഉപഭോക്താക്കൾ അക്കമിട്ട് നിരത്തിയപ്പോഴാണ് ഉപഭോക്താക്കളെന്ന വ്യാജേനയെത്തിയ ബോർഡ് ജീവനക്കാർ തടസ്സവാദങ്ങളിലൂടെ അലങ്കോലമാക്കാൻ ശ്രമിച്ചത്.

അധികജീവനക്കാരും അധികശമ്പളവുമാണ് വൈദ്യുതിബോ‌ർഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്താനുള്ള സാഹചര്യമെന്നും അതിന്റെ ഭാരം കൂടി തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി.

മറ്റു സംസ്ഥാനങ്ങളിൽ യൂണിറ്റ് വരുമാനത്തിൽ നിന്ന് ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി 70 പൈസ ചിലവഴിക്കുമ്പോൾ , കേരളത്തിലത് 1 രൂപ 56 പൈസയാണ്. ബോർഡിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനവും ശമ്പളത്തിനും പെൻഷൻ നൽകാനുമായി ഉപയോഗിക്കുന്ന ഏക സംസ്ഥാന വൈദ്യുതി ബോർഡാണ് കേരളത്തിലേത്.

ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് ഈടാക്കുന്നതിനു പകരം ഫിക്സഡ് ചാ‌ർജും യൂട്ടിലിറ്റി ചാർജ്ജും സെസും പിന്നെ അവന്മാരുടെ ധൂർത്തുകൾക്കും മറ്റും പൈസ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നു . ഓരോ മാസവും റീഡിംഗ് എടുക്കുന്നതിനു പകരം രണ്ട് മാസത്തിലൊരിക്കലുള്ള മീറ്റർ റീഡിംഗ് എടുക്കുന്നതും മറ്റൊരു തട്ടിപ്പാണ്.

മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്മാർട്ട് മീറ്റർ ഏർപ്പെടുത്തി സുതാര്യത കൈവരിച്ചപ്പോൾ ഇവിടെ യൂണിയനുകൾ അതിനെ എതിർക്കുന്നത് കൊള്ളയടിയ്ക്കാനാണ് . പദ്ധതികൾ പൂർത്തിയാക്കാനാകാത്തതും പുതിയ പദ്ധതികളോടുള്ള എതിർപ്പും പ്രതിസന്ധിക്ക് കാരണമാകുന്നതായി വൈദ്യുതി ബോർഡ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ബോർഡിന്റെ കെടുകാര്യസ്ഥതയാണ് പദ്ധതികൾ പൂർത്തിയാകാത്തത് . അതവർ മറച്ചുവയ്ക്കുന്നു . വിവിധ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നായി 3,000 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത ബോർഡ് ഒരു പാവം ഉപഭോക്താവ് വൈദ്യുതി ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരുന്ന നടപടി എങ്ങനെ അംഗീകരിക്കും .

Leave a Reply

Your email address will not be published. Required fields are marked *