Your Image Description Your Image Description

ആരായിരിക്കും കേജ്‍‌രിവാളിന്റെ പിൻഗാമിയായി ഡൽഹി മുഖ്യമന്ത്രി കസേരയിലെത്തുന്നത് ? അതറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. രാവിലെ 11.30 നു ചേരുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനമുണ്ടാകുന്നത് .

2 ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി പദവിയിൽനിന്നു രാജിവയ്ക്കുമെന്നു ഞായറാഴ്ച കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. വൈകിട്ടു 4.30 ന് കേജ്‌രിവാൾ ലഫ്റ്റ്നന്റ് .ഗവർണർ വി.കെ.സക്സേനയെ സന്ദർശിക്കും. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു ജയിലിൽനിന്നു പുറത്തെത്തിയതിനു പിന്നാലെയാണു കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ രാജി പ്രഖ്യാപിച്ചത്.

പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണു കേൾക്കുന്നത് . മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽ നിന്ന് മാറി നിൽക്കാനും , പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും തീരുമാനിച്ചത് .

മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദർശിക്കരുതെന്ന ഇ.ഡി കേസിലെ ജാമ്യവ്യവസ്ഥ സിബിഐ കേസിൽ ജാമ്യം നൽകിയപ്പോഴും സുപ്രീം കോടതി മാറ്റിയിട്ടില്ല.

കഴിഞ്ഞ മാർച്ച് 21 ആം തീയതി അറസ്റ്റിലായ കേജ്‌രിവാൾ , ജയിലിൽ കഴിഞ്ഞ 6 മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നു. വരുന്ന ഫെബ്രുവരിയിലാണു സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടക്കേണ്ടത്. എ എ പി ക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിയെന്ന നിലയിൽ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടുന്നതിനു തടസ്സമില്ലെങ്കിലും കേന്ദ്രവും ലഫ്റ്റനന്റ് . ഗവർണറുമായി കൂടുതൽ യുദ്ധമുണ്ടാക്കി ഭരണം തടസ്സപ്പെടുത്തേണ്ടതില്ലെന്ന ചിന്തയും രാജി തീരുമാനത്തിനു പിന്നിലുണ്ട്.

2013 ലാണു കേജ്‌രിവാൾ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയാകുന്നത് . കോൺഗ്രസുമായുള്ള കൂട്ടുകക്ഷി സർക്കാർ ഒരുവർഷം നീണ്ടില്ല. 2015 ൽ വീണ്ടും മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020 ൽ വീണ്ടും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *