Your Image Description Your Image Description

ഞായറാഴ്ച മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിലെ കാറിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനമോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലും വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയും മാത്രമേ കാറിലുണ്ടായിരുന്നുള്ളു .

ഈ ആക്സിഡന്റ് മൂലം ഡോ ശ്രീക്കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു . കോയമ്പത്തൂരിൽനിന്ന് മെ‍ഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളർന്നു .

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം , അനാശാസ്യം വരെ നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത് .

അപകട സമയത്ത് അജ്മൽ ‍ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലുമാണിരുന്നത് . ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു . കേസിലെ രണ്ടാം പ്രതിയാണിവർ. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരമായ വാഹനാപകടം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് ആനൂർക്കാവ് നിവാസികൾ. തിരുവോണത്തിന്റെയും നബിദിനത്തിന്റെയും ആഘോഷവേള പൊടുന്നനെ വേദനയ്ക്കു വഴിമാറി.

സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട ശേഷം പുറത്തിറങ്ങാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണു കാറുമായി പ്രതികൾ കടന്നത്. മുൻവശത്തെ ചക്രത്തിൽ തലമുടി കുരുങ്ങിയ നിലയിൽ കിടന്ന കുഞ്ഞുമോളുടെ ശരീരം കൊരുത്തു വലിച്ചു പിറകിലേക്ക് എടുത്ത ശേഷം വീണ്ടും കാർ കയറ്റിയിറക്കിയതു ഞെട്ടലോടെയാണ് ദൃക്‌സാക്ഷികളോർക്കുന്നത്.

വണ്ടി എടുക്കല്ലേയെന്നു വിളിച്ചു പറയുന്നതു ഇവർ കേട്ടിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തമുണ്ടാവില്ലായിരുന്നു . വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നാണു കുഞ്ഞുമോളുടെ ജീവൻ നഷ്ടമായത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങും തുടർന്നുള്ള അപകടവും , ജീവനായി പിടയുന്ന ശരീരത്തിലൂടെ വീണ്ടും കാർ കയറ്റിയിറക്കിയ ക്രൂരതയുമാണു നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.

അർബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളുടെ പോരാട്ടമാണു ഈ ക്രൂരതയിൽ പൊലി‍ഞ്ഞത്. ഏറെനാളായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിൽ അതിജീവനത്തിന്റെ പാതയിലായിരുന്നു മരണപ്പെട്ട കുഞ്ഞുമോൾ.

എഫ്സിഐ ഗോഡൗണിലെ കരാർ ജീവനക്കാരനായിരുന്ന ഭർത്താവ് നൗഷാദിനൊപ്പം വീടിനു സമീപം ചെറിയൊരു കട തുടങ്ങിയിരുന്നു. വീട്ടിൽ പായസം തയാറാക്കി പ്രിയപ്പെട്ടവർക്കു നൽകിയെങ്കിലും തികഞ്ഞില്ല. വീണ്ടും തയാറാക്കി ബാക്കിയുള്ളവർക്കു നൽകാൻ വൈകിട്ട് ആനൂർക്കാവിലെ കടയിലേക്കു പോയതായിരുന്നു. സാധനങ്ങൾ വാങ്ങി ഇറങ്ങിയപ്പോഴേക്കും സഹോദരന്റെ ഭാര്യ സ്കൂട്ടറിൽ വിളിക്കാനെത്തി. പക്ഷേ ആ യാത്ര വീട്ടിലെത്തിയില്ല.

എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളെപ്പറ്റിയുള്ള ഓർമകളുമായി ഒട്ടേറെ പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്കരിച്ചത്.

ഓണാഘോഷത്തിനായി മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ശ്രീക്കുട്ടിയും അജ്മലും . സദ്യ കഴിച്ച ശേഷം സമീപത്തെ മൈതാനത്തെത്തിയ ഇവർ സെൽഫി എടുത്തും സന്തോഷം പങ്കിട്ടും കാറിലിരുന്നു മദ്യപിച്ചും സമയം ചെലവിട്ട ശേഷമാണു മടങ്ങിയത്.

അജ്മൽ മുൻപും ഒട്ടേറെ കേസുകളിലെ പ്രതിയാണ്. പള്ളിയിൽനിന്നു ചന്ദനം കടത്തിയ സംഭവത്തിലുൾപ്പെടെ 7 കേസുകളാണ് അജ്മലിന്റെ പേരിലുള്ളത്. മാസങ്ങൾക്കുമുൻപ് ആശുപത്രിയിൽ വച്ചുള്ള പരിചയമാണു സൗഹൃദമായി മാറിയത്. അജ്മലിന്റെ കൂട്ടുകാർ പിന്നീടു ഡോക്ടറുടെയും സുഹൃത്തായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *