Your Image Description Your Image Description

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തില്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെയും പോലീസ് ചോദ്യംചെയ്യുകയാണ് . കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലും , ഒപ്പമുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത് .

കാറില്‍ മൂന്നാമതൊരാള്‍കൂടി ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. അപകടം സംഭവിക്കുന്നതിന്റെ രണ്ട് കിലോമീറ്റര്‍ മുന്‍പുവെച്ച് ഇയാള്‍ കാറില്‍നിന്നിറങ്ങിപോയെന്നാണ് അജ്മലിന്റെ മൊഴി. അജ്മല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നാണ് പോലീസ് പറയുന്നത് .

ഇയാളുടെ പേരിൽ ചന്ദനക്കടത്ത്, വഞ്ചനാക്കേസ് ഉള്‍പ്പെടെയുള്ള കേസുകളുണ്ട് . അജ്മലും വനിതാ ഡോക്ടറും മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഓണസദ്യ കഴിക്കാന്‍ പോയതായിരുന്നു. ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്. താനും ഡോക്ടറും മദ്യപിച്ചിരുന്നതായി അജ്മല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യപരിശോധനയിലും ഇക്കാര്യം കണ്ടെത്തി.

ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ജോലിയില്‍നിന്നു പുറത്താക്കി. ശ്രീക്കുട്ടിയും കേസില്‍ പ്രതിയാണ് . സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു വീഴ്ത്തിയിട്ടും കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണ്.

മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വളവു തിരിഞ്ഞു വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിടിച്ചപ്പോൾ തന്നെ നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചിരുന്നെങ്കിൽ നിസാര പരിക്കുകളേറ്റ കുഞ്ഞുമോൾക്ക് ജീവൻ തിരികെ ലഭിക്കുമായിരുന്നു.

എന്നാൽ നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട്, റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. അമിത വേഗതയിൽ മുന്നോട്ടു പോയ കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയില്‍ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി.

അജ്മല്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു . ഒളിവില്‍ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇൻഷുറൻസ് കാലാവധി കഴിഞുവെന്നാണ് ലഭിക്കുന്ന വിവരം.

ശ്രീക്കുട്ടി ജോലി ചെയ്യുന്ന ആശുപത്രിയിൽ വച്ചാണ് ഇവർ‌ തമ്മിൽ പരിചയപ്പെട്ടത് . തന്റെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്നാണ് ശ്രീക്കുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *