Your Image Description Your Image Description

പി വി അൻവർ എം എൽ എ യുടെ ലക്‌ഷ്യം പുതിയ പാർട്ടിയും യു ഡി എഫ് മുന്നണിയുമാണോ ? അത്തരത്തിലുള്ള ചില വാർത്തകളാണ് പുറത്തുവരുന്നത് . അൻവറിന്റെ സമീപ കാലത്തെ തുറന്നു പറച്ചിലിലും അതെ തുടർന്നുണ്ടായ കോലാഹലങ്ങളുമൊക്കെ അത്തരത്തിൽ ചിന്തിക്കാവുന്നതാണ് .

അൻവറിനൊപ്പം കെ ടി ജലീലും റസാഖ് കാരാട്ടും മുന്നിലുണ്ടാകുമെന്നും ഐ എൻ എൽ ന്റെ വഹാബ് പക്ഷവും കൂടെയുണ്ടാകുമെന്നും പറഞ്ഞു കേൾക്കുന്നു . സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ വാർത്തയിൽ പതിരുണ്ടെന്ന് തോന്നുന്നില്ല .

കാരണം ഇവർക്കൊന്നും ഇനി സിപിഎമ്മിൽ ഒരു സ്ഥാനമോ മത്സരിക്കാൻ സീറ്റോ ഒന്നും കിട്ടുകയില്ല , അതാണ് ഇവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം . സിപിഎം രണ്ടു തവണ ഒരാളെ പരീക്ഷിക്കും . മൂന്നാം തവണ വിജയിക്കാനുള്ള സാഹചര്യങ്ങളുണ്ടെങ്കിലേ സീറ്റ് നൽകൂ .

അൻവർ മൂന്ന് തവണ നിയമ സഭയിലേയ്ക്കും രണ്ട് തവണ ലോക്സഭയിലേയ്ക്കും മത്സരിച്ചു . ആദ്യം മത്സരിച്ചത് 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായിട്ടാണ്. വിജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്തി .

പിന്നീട് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ചു . 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തി .

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു , ഇത്തവണ കോൺഗ്രസിലെ വി വി പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്.

രണ്ടാം തവണ നിയമ സഭയിലെത്തിയപ്പോൾ മന്ത്രിയാകുമെന്ന് ഒരു പ്രതീക്ഷ അൻവറിനുണ്ടായിരുന്നു . പക്ഷെ പാർട്ടി പരിഗണിച്ചില്ല . ഇപ്പോഴത്തെ തുറന്നു പറച്ചിലിലും പോരാട്ടങ്ങളിലും അതൊരു വിഷയമല്ലെങ്കിലും ഇനി സിപിഎമ്മിൽ നിന്നിട്ട് കാര്യമില്ലെന്ന് തന്നെയാണ് കൂടെയുള്ള പ്രവർത്തകരുടെയും അഭിപ്രായം .

അതുപോലെ തന്നെയാണ് കെ ടി ജലീലും . ജലീൽ മൂന്ന് തവണ എം എൽ എ ആയി. 2011 മുതൽ തവനൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു , ആദ്യം കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് നിയമ സഭയിലെത്തിയത് .

രണ്ടാം തവണ 2016 ൽ മന്ത്രിയായി . ഇപ്പോൾ എം എൽ എ ആയ ജലീലിനും ഇനി മത്സരിക്കാൻ സീറ്റ് കൊടുക്കില്ല . ഇനി മത്സര രംഗത്തില്ലെന്ന് ജലീൽ തന്നെ ഈ അടുത്തിടയ്ക്ക് ഫേസ്ബുക്കിൽ കുറിച്ചിരുന്നു , മത്സരിച്ചില്ലെങ്കിലും പൊതുരംഗത്ത് മുന്നിൽ തന്നെയുണ്ടാകുമെന്നും കുറിച്ചിരുന്നു .

കാരാട്ടിന്റെ സ്ഥിതിയും മറിച്ചല്ല . ഇവർ മൂന്ന് പേരും ഇപ്പോൾ കൈകൊടുത്തിരിക്കുകയാണ് . മൂന്ന് പേരുടെയും നിലപാട് ഒന്ന് തന്നെയാണ് . ഐ എൻ എൽ പിളർന്നപ്പോൾ മുന്നണിയിൽ നിന്നും പുറത്തുപോയ വഹാബ് വിഭാഗം ഇപ്പോൾ എങ്ങുമില്ലാതെ അലയുകയാണ് .

ഇവരെ കൂടി കൂട്ടിയാണ് പുതിയ പാർട്ടിയുണ്ടാക്കുന്നതെന്നാണ് മലപ്പുറം അങ്ങാടിയിൽ കേട്ടത് . അങ്ങനെയാണെങ്കിൽ യു ഡി എഫിൽ ചേക്കേറാനും അവസരം ലഭിക്കും . ലീഗ് എതിർക്കാനിടയില്ല . കാരണം ഇവരെ കൂടെ കൂട്ടുന്നതിൽ ലീഗിലെ മുതിർന്ന നേതാക്കൾക്ക് താൽപ്പര്യമാണ് .

വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ ഇവരെ കൂട്ടണമെന്ന് തന്നെയാണ് ചില ലീഗ് നേതാക്കൾ പങ്കുവയ്ക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *