Your Image Description Your Image Description

കഴിഞ്ഞദിവസം മാതൃഭൂമി ചാനലിൽ അന്തി ചർച്ചയ്ക്ക് സ്ഥിരം സാന്നിധ്യമായ ഒരു കോൺഗ്രസ് നേതാവ് ചാമക്കാല പറഞ്ഞ ചില കാര്യങ്ങൾ കാണാതെ പോകരുത് . പരിണിതപ്രജ്ഞനായ മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിനെ ഒന്ന് കൊച്ചാക്കാനാണ് ചാമക്കാല പറഞ്ഞതെന്ന് , കേൾക്കുന്നവർക്ക് മനസ്സിലാവും.

ചർച്ചകൾക്കിടയിൽ പല ചോദ്യങ്ങൾക്കും ഉത്തരം മുട്ടുമ്പോൾ ഒപ്പം ഇരിക്കുന്നവരെ അപമാനിക്കുന്ന രീതി ചാമക്കാല അവസാനിപ്പിക്കണം. പിണറായി വിജയനുമായി അടുപ്പം സൂക്ഷിക്കുന്ന ജേക്കബ് ജോർജ് പണ്ട് കെ കരുണാകരന്റെ വീട്ടിൽ കയറി ഇറങ്ങി നടന്നവനാണന്നാണ് ചാമക്കലയുടെ പരാതി .

എന്റെ അറിവിൽ കെ കരുണാകരന്റെ മാത്രമല്ല ഇ കെ നായനാരുടെയും വിഎസ് അച്യുതാനന്ദന്റെയും ഉമ്മൻചാണ്ടിയുടെയും വരെ വീടുകളിൽ കയറിയിറങ്ങി നടന്നിട്ടുണ്ട് ഈ പറയുന്ന ജേക്കബ് ജോർജ്. അദ്ദേഹം ഒരു മുതിർന്ന മാധ്യമ പ്രവർത്തകനാണ് ,

മാധ്യമപ്രവർത്തനത്തെ പറ്റി ചാമക്കാലയ്ക്ക് ഒരു ചുക്കും അറിയില്ലാത്തതുകൊണ്ട് സംഭവിക്കുന്ന അബദ്ധമാണ്. മാധ്യമപ്രവർത്തകരുടെ റോ മെറ്റീരിയൽസെന്ന് പറയുന്നത് വിവരശേഖരണമാണ്. അതിനുവേണ്ടി ലൂസിഫറിന്റെ കൊട്ടാരത്തിൽ വരെ പോകാൻ അവർ തയ്യാറാകും .

അതൊന്നും പറഞ്ഞാൽ വായ്ത്താളം അടിച്ച് നടക്കുന്ന ഒരു രാഷ്ട്രീയക്കാരന് മനസ്സിലാകില്ല. നിങ്ങളൊക്കെ രാവിലെ എഴുന്നേറ്റിരുന്ന് വായിച്ച് അഭിപ്രായം പറയുന്ന മാധ്യമ വാർത്തകളുടെ പുറകിൽ വലിയൊരു അധ്വാനത്തിന്റെ കഥയുണ്ടന്ന വിവരമെങ്കിലും ചാമക്കാലയ്ക്കില്ലാതെപോയി .

ജേക്കബ് ജോർജ്ജും കെ കരുണാകരനും തമ്മിലുള്ള ബന്ധമെന്താണെന്ന് ചാമക്കാല ഒന്നന്വഷിക്കുന്നത് നല്ലതായിരിക്കും . അറിയില്ലെങ്കിൽ പറയാം. എന്റെ അറിവ് ശരിയാണെങ്കിൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ ഏറ്റവും അധികം വിമർശിച്ചിരുന്ന പത്രപ്രവർത്തകനായിരുന്നു ജേക്കബ് ജോർജ്.

രാഷ്ട്രീയത്തിലെ മുഴുവൻ കുത്തിത്തിരിപ്പും , അറിയാമായിരുന്ന കെ കരുണാകരൻ , ഒരിക്കലും ഒരു രാജ്യദ്രോഹി ആയിരുന്നില്ല. നിലനിൽപ്പിന്റെ ഭാഗമായി ചില നിഷ്കളങ്കമായ പാരകളോക്കെ പലർക്കിട്ടും വയ്ക്കുമായിരുന്നു.

അതോഴിച്ചാൽ കഴിവുള്ള ഭരണാധികാരിയായിരുന്നു. സംഘാടകനായിരുന്നു കെ കരുണാകരൻ . നിങ്ങൾ കോൺഗ്രസുകാർ ഒരു സുപ്രഭാതത്തിൽ അദ്ദേഹത്തെ രാജ്യദ്രോഹിയും ചാരനുമാക്കി മാറ്റി. മാധ്യമപ്രവർത്തകനായ ജേക്കബ് ജോർജ് ചാരക്കേസിനെ പറ്റി നടത്തിയ പഠനത്തിൽ , അത് കോൺഗ്രസിനുള്ളിലെ ആഭ്യന്തര പൊട്ടിത്തെറിയാണന്നു മനസ്സിലാക്കി.

അന്നുമുതലാണ് കെ കരുണാകരന് അനുകൂലമായി നിലപാടെടുക്കാൻ തുടങ്ങിയത്. ജേക്കബ് ജോർജിന്റെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു . കോൺഗ്രസുകാരുടെ കുത്തിതിരിപ്പ് പറയുമ്പോൾ ചാമക്കാലായെ അതിൽ പെടുത്തിയിട്ട് കാര്യമില്ല. കാരണം ആർഎസ്പി എന്ന ദേഹം വിട്ട് കോൺഗ്രസ് എന്ന ദേഹിയിലേക്ക് പ്രവേശിച്ചിട്ട് അധികം കാലമായില്ല.

അന്ന് കടവൂർ ശിവദാസിന്റെ ഓരം പറ്റി നടന്നിരുന്ന ചാമക്കാലയ്ക്ക് കോൺഗ്രസ് രാഷ്ട്രീയത്തെ പറ്റി വലിയ ഗ്രാഹ്യമുണ്ടാകാൻ സാധ്യതയില്ല. കടവൂർ ശിവദാസിന്റെ കൂടെ കോൺഗ്രസ്സ് തറവാടിന്റെ അടുക്കളയിലൂടെ കയറിപ്പറ്റിയ ചാമക്കാലയുടെ നടപ്പും ഭാവവുമൊക്കെ കണ്ടാൽ കോൺഗ്രസ്സ് കണ്ടുപിടിച്ചത് മൂപ്പരാണെന്ന് തോന്നിപ്പോകും .

ചെന്നിത്തല ഛർദ്ദിക്കുന്നത് ഭക്ഷിക്കുന്നുവെന്നല്ലാണ്ട് സ്വന്തമായി ഒന്നും പറയാനില്ല.
സ്വന്തം മകൻ മുരളിയേക്കാൾ സ്നേഹത്തോടെ , ലീഡർ കരുണാകരൻ ചെന്നിത്തലയെ കൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.

അദ്ദേഹത്തിന് കണിയാപുരത്ത് വച്ച് ഒരു അപകടം ഉണ്ടായപ്പോൾ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു എന്ന് കരുതി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ മൂവർ സംഘത്തിൽ ഒരാളായിരുന്നു ചെന്നിത്തല. ആ ഗുരു ശാപം തന്നെയാണ് ചെന്നിത്തലയെ ഇന്നും പിന്തുടരുന്നതും.

ഗുരുവിനാൽ ശപിക്കപ്പെട്ട ആ ചെന്നിത്തലയുടെ പുറകിലാണിപ്പോൾ ചാമകാല നടക്കുന്നത്. പിന്നെങ്ങനെയാണ് ചാമക്കാല സ്വബോധത്തോടെ കൂടി സംസാരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *