Your Image Description Your Image Description

 

കൊച്ചി: വയനാടിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് ഉരുൾപ്പൊട്ടലിനെ അതിജീവിച്ചവർക്ക് 50 പുതിയ വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചു. പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സുരക്ഷിതമായ വീടുകൾ ഒരുക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയായ മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഈ സംരംഭവും.

വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള മുത്തൂറ്റ് ഫിനാൻസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൻറെ തീരുമാനം എറണാകുളം പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ മേധാവി ബാബു ജോൺ മലയിലും, മുത്തൂറ്റ് ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ സിമി കെഎസും ചേർന്നാണ് അറിയിച്ചത്.

വയനാട്ടിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി, കുഞ്ഞോം ഗ്രാമങ്ങളിൽ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം സംഭവിക്കുകയും പാർപ്പിടം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 2018ലെ കേരളത്തിലെ മഹാപ്രളയത്തെത്തുടർന്ന് ആരംഭിച്ച മുത്തൂറ്റ് ആഷിയാന പദ്ധതി കേരളം, ഹരിയാന, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങൾക്ക് ഇതുവരെ 257 വീടുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങൾക്കൊപ്പം പ്രളയബാധിതർക്കായി തൂത്തുക്കുടിയിലെ 6 പദ്ധതികൾ ഉൾപ്പെടെ നിർമ്മാണത്തിലിരിക്കുന്ന ചുരുക്കം ചില പദ്ധതികളുണ്ട്. വെല്ലുവിളി നിറഞ്ഞ ഈ വേളയിൽ മുത്തൂറ്റ് ഫിനാൻസ് വയനാട്ടിലെ ജനങ്ങൾക്ക് പൂർണ പിന്തുണ നൽകികൊണ്ട് അവരോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ്.

വയനാട്ടിലെ ഉരുൾപ്പൊട്ടലിൻറെ ആഘാതം നേരിടുമ്പോൾ തന്നെ ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടവർക്കായി നമ്മുടെ ഹൃദയം തുടിക്കുകയാണെന്നും ബിസിനസിനുമപ്പുറം സമൂഹത്തിന് തിരികെ നൽകുന്നതിലും അവരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്നതും തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് മുത്തൂറ്റ് ഫിനാൻസ് വിശ്വസിക്കുന്നു. ദുരിതങ്ങളെ അതിജിവിച്ചവർക്ക് അവരുടെ ജീവിതം മികച്ച രീതിയിൽ പുനർനിർമ്മിക്കാൻ സഹായിക്കുന്നതാണ് മുത്തൂറ്റ് ആഷിയാന പദ്ധതിയെന്നും തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ പ്രതിജ്ഞാബദ്ധരാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ ആശ്വാസം പകരാൻ അക്ഷീണം പ്രയത്നിച്ച സർക്കാർ ഉദ്യോഗസ്ഥർ, സായുധ സേന, സന്നദ്ധപ്രവർത്തകർ എന്നിവരോട് ആത്മാർത്ഥമായി നന്ദി പറയുന്നുവെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

എല്ലാം നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമിച്ചു നൽകുന്ന മുത്തൂറ്റ് ആഷിയാന പദ്ധതി വർഷങ്ങളായി നിരവധി പേർക്ക് പ്രതീക്ഷയുടെ വെളിച്ചമാണ്. ഏറ്റവും പുതിയ ഈ സംരംഭത്തിലൂടെ വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകാൻ മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നു. ഇത് ദുരന്തത്തിൽ നിന്നും കരകയറാൻ അവരെ സഹായിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *