Your Image Description Your Image Description

 

കൊല്ലം: ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ ആളുമാറി യുവാവിനെയും ഭാര്യയെയും മർദിച്ച സംഭവത്തിൽ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാട്ടാക്കട എസ്.ഐ. മനോജ് ഉൾപ്പെടെ അഞ്ചുപേർക്കെതിരേയാണ് കേസ്.

ചടയമംഗലത്ത് എസ്.ഐ.യായിരിക്കെയാണ് മനോജ് ഗുണ്ടകളെയും കൂട്ടി പ്രതിയെ പിടിക്കാനിറങ്ങിയത്. വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു ഇവരുടെ ശ്രമം. ആളുമാറിയതാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവർത്തിച്ച് പറഞ്ഞിട്ടും എസ്.ഐ. മനോജ് ഇയാളെ വെറുതെവിട്ടില്ല. സുരേഷിനെ മർദിച്ചെന്നും കൈകളിൽ വിലങ്ങിട്ട് കുനിച്ചുനിർത്തി ഇടിച്ചെന്നുമായിരുന്നു എസ്.ഐ.ക്കെതിരെയുള്ള പരാതി. സുരേഷിന്റെ ഭാര്യയെയും ഇവർ ആക്രമിച്ചിരുന്നു.

ഒരു പോലീസുകാരനും മൂന്ന് ഗുണ്ടകളുമാണ് എസ്.ഐ. മനോജിന്റെ ‘അന്വേഷണസംഘ’ ത്തിലുണ്ടായിരുന്നത്. ചടയമംഗലത്ത് ജോലിചെയ്യുന്നതിനിടെ മേഖലയിലെ ഗുണ്ടകളുമായി അടുത്തബന്ധം പുലർത്തിയിരുന്ന എസ്.ഐ. ഒടുവിൽ പ്രതികളെ പിടികൂടാനും ഗുണ്ടകളെ കൂട്ടി ഇറങ്ങുകയായിരുന്നു. നേരത്തെ ആലപ്പുഴയിൽ ജോലിചെയ്യുന്നതിനിടെയും മനോജിനെതിരേ പരാതികളുണ്ടായിരുന്നു.

ദളിത് യുവാവിനെ ഗുണ്ടകളെയും കൂട്ടി മർദിച്ച സംഭവത്തിൽ നേരത്തെ കൊട്ടാരക്കര ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് എസ്.ഐ. അടക്കം അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *