Your Image Description Your Image Description

 

പാരീസ്: വനിതകളുടെ ബോക്സിങ് മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി രംഗത്ത്. മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു.ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്. പരാജയത്തിന് ശേഷം ഇമാനക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല.

ജെൻഡർ യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ​ഫൈനലിന് തൊട്ടുമുമ്പായി താരത്തെ വിലക്കിയിരുന്നു. രക്തത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. എന്നാൽ പാരിസ് ഒളിംപിക്സിന് ഇമാനെയ്ക്ക് യോ​ഗ്യത ലഭിച്ചു.

അതേസമയം ഇമാനെക്കെതിരെ സൈബർ ആക്രമണം വ്യാപകമായതോടെ ഒളിമ്പിക്സ് അസോസിയേഷൻ ന്യായീകരണവുമായി രംഗത്തെത്തി. ‘വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന എല്ലാവരും മത്സര യോഗ്യതാ നിയമങ്ങൾ പാലിക്കുന്നവരാണ്. അവരുടെ പാസ്‌പോർട്ടിൽ അവർ സ്ത്രീകളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്’ -ഐ.ഒ.സി വക്‌താവ് മാർക് ആഡംസ് പറഞ്ഞു. തങ്ങളുടെ പ്രധാന താരം ഇമാനെ ഖലിഫിനെതിരെ ചില വിദേശമാധ്യമങ്ങൾ വിദ്വേഷമുളവാക്കുന്നതും അധാർമികവുമായ ആക്രമണമാണ് നടത്തുന്നതെന്ന് അൾജീരിയ ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *