Your Image Description Your Image Description

ലോകത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് ഫ്രാൻസിന്റെ തലസ്ഥാന നഗരിയിൽ ഇന്നു രാത്രി ദീപം തെളിയും. 33–ാം ഒളിംപിക്സി‌ന്റെ ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) തുടങ്ങും. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളുണ്ടാകില്ല.

ഒരു നൂറ്റാണ്ടിനു ശേഷം ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് പാരിസ്. 1900ലും 1924ലും പാരിസ് നഗരം ഒളിംപിക്സിനു വേദിയൊരുക്കിയിരുന്നു. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. സെൻ നദിയിലൂടെ 80 ബോട്ടുകളിലായി കായികതാരങ്ങളുടെ മാർച്ച്പാസ്റ്റ്. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. ഒളിംപിക് ദീപം തെളിയുന്നത് അവിടെയാണ്. ഒളിംപിക്സിനു തുടക്കം കുറിച്ചു ദീപം തെളിക്കുന്നത് ആരാണെന്ന് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഉദ്ഘാടനച്ചടങ്ങിലെ കലാപരിപാടികളും സംഘാടകർ ‘പുറത്ത് വിട്ടിട്ടില്ല. സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങൾ നഗരവാസികളെ ബുദ്ധിമുട്ടുക്കുന്നുണ്ടെങ്കിലും ഒളിംപിക്സ് എന്ന വികാരത്തെ ആവേശത്തോടെ വരവേൽക്കാനുറച്ചു തന്നെയാണ് ഒരുക്കം.

70 പുരുഷ അത്‌ലറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണു പാരിസിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അത്‌ലറ്റിക്സിലാണ് ഏറ്റവും വലിയ സംഘം: 29 പേർ. ഷൂട്ടിങ്ങും (21) ഹോക്കിയും (19) തൊട്ടുപിന്നിലുണ്ട്. ഇന്ത്യൻ സംഘത്തിലാകെ 7 മലയാളികളുണ്ട്. അത്‌ലറ്റിക്സിൽ അഞ്ചുപേർ: വൈ.മുഹമ്മദ് അനസ്, വി.മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ, അബ്ദുല്ല അബൂബക്കർ. ഹോക്കിയിൽ പി.ആർ.ശ്രീജേഷും ബാഡ്മിന്റനിൽ എച്ച്.എസ്.പ്രണോയിയും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങും. ഒളിംപിക്സിൽ ആദ്യമായി ഒരു മലയാളി മത്സരിച്ചതിന്റെ 100–ാം വാർഷികം കൂടിയാണിത്. 1924ൽ കണ്ണൂരുകാരൻ സി.കെ.ലക്ഷ്മണൻ ഇന്ത്യയ്ക്കായി മത്സരിച്ചിരുന്നു.

206 രാജ്യങ്ങളിൽ നിന്നായി 10,714 അത്‌ലീറ്റുകൾ പാരിസിൽ മത്സരത്തിനിറങ്ങും. 32 ഇനങ്ങളിലാണു മത്സരങ്ങൾ നടക്കുന്നത്. ഓരോന്നിലും ഒട്ടേറെ വിഭാഗങ്ങളിലായി മെഡൽ പോരാട്ടം നടക്കും. കഴിഞ്ഞ തവണ ടോക്കിയോയിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും നേടി ഒന്നാമതെത്തിയ യുഎസ് ഇത്തവണയും മെഡൽ പട്ടികയിൽ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. നീരജ് ചോപ്രയുടെ സ്വർണം അടക്കം ഇന്ത്യ നേടിയത് 7 മെഡലുകളാണ്.

ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ടേബിൾ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റൻ താരം പി.വി.സിന്ധുവുമാണ്. ഇരുവരും മാർച്ച്പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തും. 2016ലും 2020ലും മെഡൽ നേടിയ സിന്ധു തുടരെ 3–ാം മെഡൽ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5–ാം ഒളിംപിക്സാണു പാരിസിലേത്.

Leave a Reply

Your email address will not be published. Required fields are marked *